ഒറ്റലാപ്പ് സ്പ്രിന്റില്‍ ഇന്നലെ ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അനസ് സ്വര്‍ണ്ണത്തിലേക്ക് ഓടിക്കയറിയത് ഏറെക്കുറെ അനായാസമായി. കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് സ്‌കൂള്‍ കായിക മേളകളിലൂടെയാണ് ട്രാക്കിലേക്ക് എത്തിയത്. നിലമേല്‍ എംഎംഎസ് സ്‌കൂളില്‍ പഠിക്കവേയാണ് ട്രാക്കിലേക്ക് എത്തുന്നത്. സ്‌കൂള്‍ കാലത്ത് 400 മീറ്ററിന് പുറമേ ലോങ്ജമ്പിലും മുഹമ്മദ് അനസ് മത്സരിച്ചിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് ഏറെ ഉജ്ജ്വലമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാതിരുന്ന അനസ് പരാജയങ്ങളെ കരുത്താക്കിയാണ് ട്രാക്കില്‍ തുടര്‍ന്നത്. പ്ലസ് ടൂ പൂര്‍ത്തിയാക്കിയതോടെ ബിരുദപഠനത്തിനായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ചേര്‍ന്നു. 2013 ല്‍ നാവികസേനയില്‍ ജോലി ലഭിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തിരുവനന്തപുരം എലൈറ്റ് അക്കാദമിയിലെ താരമായി മാറിയ മുഹമ്മദ് അനസ് ജയകുമാറിന്റെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. കണ്ണൂര്‍ പുളിങ്ങോം സ്വദേശി സുബേദാര്‍ മേജര്‍ മുഹമ്മദ് കുഞ്ഞിയുടെ ശിഷ്യണത്തിലാണ് മുഹമ്മദ് അനസ് പരിശീലനം നടത്തുന്നത്.
2016ലെ റിയോ ഒളിമ്പിക്‌സില്‍ 400, 4-400 മീറ്റര്‍ റിലേയിലും അനസ് ഇന്ത്യക്കായി മത്സരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പോളണ്ടില്‍ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ഒളിമ്പിക്‌സ് യോഗ്യത നേടുകയുമായിരുന്നു. ഇതോടെ മില്‍ഖാ സിങിനും (1956, 60), കെ.എം. ബിനു (2004)ശേഷം 400 മീറ്ററില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന മൂന്നാമത്തെ താരമായി അനസ്.
















