വനിതകളുടെ 1500 മീറ്ററില്‍ പാലക്കാടിന്റെ മുത്ത് പി.യു. ചിത്രയാണ് ഇന്ത്യക്കായി ഇന്നലെ മൂന്നാം സ്വര്‍ണ്ണം നേടിയത്. 4:17.92 സെക്കന്റിലാണ് ചിത്ര ഫിനിഷ് ലൈന്‍ കടന്നത്. സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരമായിരുന്ന പി.യു. ചിത്രയുടെ ആദ്യ ഏഷ്യന്‍ മീറ്റാണിത്. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നിലായിരുന്ന ചിത്ര ഒരുഘട്ടത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടിരുന്നു.
എന്നാല്‍ മത്സരം അവസാന ലാപ്പിലേക്ക് കടന്നതോടെ തന്റെ കാലുകളില്‍ ഒളിപ്പിച്ചുവച്ച കുതിരശക്തി പുറത്തെടുത്ത് കുതിച്ചു. ഇതോടെ എതിരാളികളെ ഓരോരുത്തരെയായി പിന്തള്ളി അവസാനം സ്വര്‍ണ്ണവും മാറോടു ചേര്‍ത്തു. ചൈനയുടെ ജെങ് മിന്‍ 4:19.15 സെക്കന്റില്‍ വെള്ളിയും ജപ്പാന്റെ അയാകോ ജിനൗച്ചി 4:19.90 സെക്കന്റില്‍ വെങ്കലവും നേടി.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാമത്തെ രാജ്യാന്തര സ്വര്‍ണ്ണമാണ് ചിത്ര ഇന്നലെ കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസിലും ഇതേ ഇനത്തില്‍ ഈ മലയാളി മുത്ത് സ്വര്‍ണ്ണം നേടിയിരുന്നു. കൂടാതെ ജൂനിയര്‍ വിഭാഗത്തില്‍ നിരവധി മെഡലുകള്‍ രാജ്യാന്തര-ദേശീയ മെഡലുകള്‍ ചിത്ര സ്വന്തമാക്കിയിട്ടുണ്ട്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 3000, 1500, 4-400 മീറ്റര്‍ റിലേയിലും പിന്നീട് നടന്ന സാഫ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 3000, 1500 മീറ്ററിലും സ്വര്‍ണ്ണം ചിത്രക്ക് തന്നെയായിരുന്നു. മുണ്ടൂര്‍ പാലക്കീഴ് കൂലിപ്പണിക്കാരനായ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ചിത്ര.
പുരുഷ വിഭാഗത്തില്‍ അജയ്‌കുമാര്‍ സരോജ് 3:45.85 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. ഖത്തറിന്റെ ജമാല്‍ ഹൈറാനെ (3:46.90 സെ.) വെള്ളിയും ഇറാന്റെ മൊസ്‌ലെം (3:48.53)നിയാദൂസ്ത് വെങ്കലവും നേടി. ഒപ്പത്തിനൊപ്പം കുതിച്ച ഖത്തര്‍ താരത്തെ അവസാന മീറ്ററുകളിലെ കുതിപ്പിലൂടെയാണ് അജയ്‌കുമാര്‍ പിന്തള്ളിയത്.
















