ലണ്ടന്‍: ആദ്യ സെറ്റ് നേടി അനായാസ ജയം തേടിയ മൂന്നാം സീഡും ചെക്ക് താരവുമായ പ്ലിസ്‌കോവയെ സ്ലൊവാക്യന്‍ താരം റെയ്ബറിക്കോവ 3 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചു. ലോക 87-ാം റാങ്കുകാരിയായ റെയ്ബറിക്കോവ 3-6, 7-5, 6-2 എന്ന സ്‌കോറിനാണ് പ്ലിസ്‌കോവയെ മറികടന്നത്.
അതേ സമയം ജര്‍മ്മന്‍ താരവും ലോക ഒന്നാം നമ്പറുമായ കെര്‍ബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്(7-5, 7-5) ഫ്‌ലിപ്ക്കന്‍സിനെ മറികടന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഒപ്പം കരോളിയന്‍ വോസിനിയാക്കി, റഡ്വാസ്‌ക, മുഗുരേസ എന്നീ പ്രമുഖരും അനായാസ ജയവുമായി വനിതാവിഭാഗത്തില്‍ മൂന്നാം റൗണ്ടിലെത്തി.
വിംബിള്‍ഡണില്‍ ഇന്ന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്കായി വീനസ് വില്യംസ്, അസരങ്ക, കോന്റ, സിമോണ ഹാലപ് എന്നിവരും ഇറങ്ങും. അതേ സമയം പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും റോഹന്‍ ബോപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തിയത് ഇന്ത്യക്ക് ആശ്വാസമായി.
















