തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ സംസ്ഥാനത്ത് നിരവധി സാധനങ്ങളുടെ വില കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്പന്നങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കിലോയ്‌ക്ക് 87 രൂപയ്‌ക്ക് കോഴിയിറച്ചി വിൽപന നടത്താവൂ എന്നും ധനമന്ത്രി നിര്‍ദേശം നല്‍കി. ജിഎസ്‌ടി നടപ്പായതോടെ സപ്ലൈകോ സ്ഥാപനങ്ങളില്‍ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. 52 ഇനങ്ങള്‍ക്കാണ് സപ്ലൈകോ വിലകുറച്ചത്. ഇനിയും വില കുറയ്‌ക്കാൻ കടയുടമകൾ തയ്യാറാകുന്നില്ലെങ്കിൽ ജനങ്ങൾക്ക് പരാതിയുമായി സർക്കാരിനെ സമീപിക്കാമെന്നും ധനമന്ത്രി പറഞ്ഞു.
ജിഎസ്‌ടി നിലവിൽ വരുന്നതിന് ഒരാഴ്ച മുമ്പ് 134 ആയിരുന്ന കോഴിവില 140 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് അംഗകീരിക്കാനാവില്ല. ജിഎസ്‌ടിയിൽ നിന്ന് കോഴിയിറച്ചിയെ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയിൽ കുറവ് ഉണ്ടായിട്ടില്ല. ഇത് അംഗീകരിക്കില്ല. തിങ്കളാഴ്ച മുതൽ കോഴിയിറച്ചി കിലോയ്‌ക്ക് 87 രൂപയ്‌ക്ക് തന്നെ വിൽക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പുതിയ നികുതി ഘടന വന്നിട്ടും സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വില കുറഞ്ഞിരുന്നില്ല. ഇതിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് നടപടി, കഴിഞ്ഞ ദിവസം റസ്റ്റോറന്റ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലകുറയ്‌ക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു.
















