കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഇമ്രാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇമ്രാന്‍ നല്‍കിയ ഫോണ്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവാണ് ജയിലില്‍ എത്തിച്ചത്.
മാലമോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു. ആ പരിചയത്തിന്റെ പുറത്താണ് ഇമ്രാന്‍ ഫോണ്‍ വിഷ്ണുവിന് സംഘടിപ്പിച്ച് നല്‍കിയത്. അതേസമയം, ഫോണ്‍ എവിടെ നിന്നാണ് കൊണ്ടുവന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല.
അതിനിടെ, ജയിലില്‍നിന്ന് ഫോണ്‍ കടത്താന്‍ സഹായം നല്‍കിയെന്നാരോപിച്ച് പ്രതിചേര്‍ത്തിരുന്ന എറണാകുളം സ്വദേശി സനല്‍ പി. മാത്യുവിനെ കേസില്‍ നിന്ന് ഒഴിവാക്കി. സനലിന് കേസില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
















