കിങ്സ്റ്റണ്‍(ജമൈക്ക): സെഞ്ചുറിയുമായി നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി (3-1). അവസാനമത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. കോഹ്ലി (111 നോട്ടൗട്ട്), ദിനേഷ് കാര്‍ത്തിക് (50 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യയ്‌ക്കായി തിളങ്ങി.
നേരത്തേ ടോസ് നേടി ബാറ്റു ചെയ്ത വിന്‍ഡീസിനെ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും ബൗളിങ് മികവില്‍ ഇന്ത്യ 205 റണ്‍സിലൊതുക്കുകയായിരുന്നു.
സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ ഒമ്ബതുവിക്കറ്റിന് 205, ഇന്ത്യ 36.5 ഓവറില്‍ രണ്ട് വിക്കറ്റിന് 206.
ഹോപ് സഹോദരന്മാരായ ഷായ്(51), കൈല്‍(46), ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍(36), റോവ്മാന്‍ പവല്‍(31) എന്നിവരുടെ ബാറ്റിങ്ങാണ് ആതിഥേയര്‍ക്ക് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്. അടുത്തടുത്ത പന്തുകളില്‍ കൈല്‍ ഹോപ്പിനെയും റോസ്റ്റന്‍ ചെയ്സിനെയും(0) പുറത്താക്കിയ ഉമേഷ് യാദവാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാഴ്‌ത്തിയത്. രണ്ടാം സ്പെല്ലിലായിരുന്നു ഷമിയുടെ നാലു വിക്കറ്റും.
34 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ 36 റണ്‍സെടുത്ത ഹോള്‍ഡറും 32 പന്തില്‍ രണ്ടു സിക്സറോടെ 31 റണ്‍സെടുത്ത റോവ്മാന്‍ പവലും 50 പന്തില്‍ ഒമ്പത് ബൗണ്ടറിയടിച്ച കൈല്‍ ഹോപ്പും, ഇഴഞ്ഞുനീങ്ങിയ സ്‌കോര്‍ ബോര്‍ഡിന് കുറച്ചെങ്കിലും വേഗം നല്‍കി.
ഒരറ്റത്ത് ക്ഷമാപൂര്‍വം പിടിച്ചുനിന്ന ഷായ് 98 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് അര്‍ധശതകത്തിലെത്തിയത്. ഇന്ത്യയ്‌ക്കുവേണ്ടി ഷമിക്കും യാദവിനും പുറമെ ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
















