തൃശൂര്‍: മുന്‍മന്ത്രി കെ.പി.വിശ്വനാഥനെതിരെ എഗ്രൂപ്പിലെ ഒരു വിഭാഗവും ഐഗ്രൂപ്പും കൈകോര്‍ക്കുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണന്റേയും സെബി കൊടിയന്റേയും നേതൃത്വത്തില്‍ മണ്ഡലം പ്രസിഡണ്ടുമാരും യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി ഭാരവാഹികളുമുള്‍പ്പടെ എം.എം.ഹസ്സന് പരാതി നല്‍കി.
കെ.പി.വിശ്വനാഥനും ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കല്ലൂര്‍ബാബു, ടി.ജെ.സനീഷ്‌കുമാര്‍ എന്നിവരും സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. പാലിയേക്കര ടോള്‍ കമ്പനിയില്‍ നിന്ന് ഇവര്‍ അവിഹിതമായി പലതും സ്വീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ടോള്‍ വിരുദ്ധ സമരത്തെ ഇവര്‍ അട്ടിമറിച്ചു. ടോള്‍ കമ്പനി ജീവനക്കാര്‍ക്ക് വേണ്ടി മെസ് നടത്തുകയാണ് കല്ലൂര്‍ ബാബു.
ടി.ജെ.സനീഷ്‌കുമാര്‍ സ്വന്തം കെട്ടിടം മദ്യവില്പനക്ക് വാടകക്ക് നല്‍കി. ജിഷ്ണു കേസിലെ പ്രതിയായ മകന്‍ സഞ്ജിത്തിനെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുടെ കാലുപിടിക്കുകയാണ് കെ.പി.വിശ്വനാഥന്‍. തൃശൂരില്‍ താമസിക്കുന്ന കെ.പി.വിശ്വനാഥന്‍ പുതുക്കാട് മണ്ഡലത്തില്‍ അനാവശ്യമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും ഇവരുടെ പരാതിയില്‍ പറയുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും. മറ്റത്തൂര്‍, പറപ്പൂക്കര, അളഗപ്പനഗര്‍, വരന്തരപ്പിള്ളി മണ്ഡലം പ്രസിഡണ്ടുമാരും അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രാജേശ്വരിയും മറ്റു നിരവധിപേരും ഹസ്സന് നല്‍കിയ പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
















