തൃശൂര്‍: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ.കരുണാകരന്റെ പേരില്‍ പ്രസിദ്ധായ രാമനിലയം മുഖം മിനുക്കാനൊരുങ്ങുന്നു. പ്രൗഢി നഷ്ടപ്പെട്ട രാമനിലയത്തിന് രാജകീയഭാവം തിരികെ വരുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
എല്ലാ മലയാളമാസം ഒന്നാംതീയതിയും ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്ന കെ.കരുണാകരന്‍ ഇവിടെ ഒന്നാം നമ്പര്‍ മുറിയിലാണ് തങ്ങിയിരുന്നത്.
അക്കാലം ഇവിടെ ആള്‍ത്തിരക്കൊഴിഞ്ഞിരുന്നില്ല. ആശ്രിതരും അഭയം തേടുന്നവരും ലീഡറെ കാണാനെത്തി. വിരല്‍ത്തുമ്പില്‍ പ്രശ്‌നപരിഹാരവും ഉണ്ടായിരുന്നു.
ഇന്ന് അതീവ ദയനീയമാണ് രാമനിലയത്തിന്റെ സ്ഥിതി. ജീര്‍ണാവസഥയില്‍, പ്രൗഢിമുഴുവനനും ചോര്‍ന്ന അവസ്ഥയിലാണ്. ബംഗ്ലാവ്, ഇതേ കോമ്പൗണ്ടിലെ പുതിയ ഗസ്റ്റ്ഹൗസിലാണ് ഇന്ന് മന്ത്രിമാരും വിവിഐപിമാരും തങ്ങുക.
രാജപ്രൗഢി തീര്‍ത്തും കൈവിടാതെ നില്‍ക്കുന്ന രാമനിലയത്തെ വീണ്ടെടുക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. പ്രൗഢി പൂര്‍ണമായും വീണ്ടെടുത്ത് പഴമ ഒട്ടും ചോരാതെയാണ് ഇതു നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.
ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ തുക ഉപയോഗിച്ച് പിഡ്ബ്ല്യുഡിയാണ് നവീകരണം നടത്തുന്നതെന്ന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ഹമീദ് പറഞ്ഞു.
രണ്ടുകോടിരൂപയുടേതാണ് എസ്റ്റിമേറ്റ്. നിര്‍മാണാനുമതിയായതോടെ പിഡബ്ല്യുഡി ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. നിര്‍മാണശേഷം വിവിഐപികള്‍ക്ക് താമസസൗകര്യമൊരുക്കും. ശക്തന്‍ തമ്പുരാന്‍ കോവിലകത്തിന്റെ ഔട്ട് ഹൗസായിരുന്ന രാമനിലയം കൊളോണിയല്‍ വാസ്തുശൈലിയും കേരളീയ വാസ്തുശൈലിയും സമന്വയിപ്പിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്.
















