തൃശൂര്‍: ജില്ലയില്‍ പനി പടര്‍ന്നുപിടിക്കുമ്പോഴും എച്ച് വണ്‍ എന്‍ വണ്‍ പനിക്കുള്ള മരുന്നിന് ക്ഷാമം രൂക്ഷം. മരുന്ന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ കൊള്ളവില ഈടാക്കുന്നതായും പരാതി.
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, അമല മെഡിക്കാല്‍ കോളേജ് , ജില്ലാ ജനറല്‍ ആശുപത്രി എന്നീ ആശുപത്രികളിലാണ് മരുന്ന് വിതരണം ചെയ്യാനും, സൂക്ഷിക്കാനും അനുമതിയുള്ളത്. ഇതുമൂലം മറ്റു സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരാണ് എച്ച് -വണ്‍ എന്‍- വണ്‍ മരുന്നിന് വേണ്ടി അലയേണ്ടി വരുന്നുത്. എച്ച് വണ്‍ എന്‍ വണ്‍ പനിക്കുള്ള മരുന്ന് വിതരണത്തിന് ഏക അനുമതിയുള്ള തൃശൂരിലെ ഏക മെഡിക്കല്‍ ഷോപ്പിലും മരുന്ന് കിട്ടാത്ത അവസ്ഥയാണ്.
പകര്‍ച്ച പനിക്കൊപ്പം ഡെങ്കിപ്പനിയും, എച്ച് വണ്‍ എന്‍ വണുമാണ് വ്യാപകമായി പടരുന്നത്. ആരോഗ്യ വകുപ്പ് പുറത്തു വിടുന്ന കണക്കിനേക്കാള്‍ ഇരട്ടി പേരാണ് ഡെങ്കിപ്പനിയും , എച്ച് വണ്‍- എന്‍ വണ്‍ പനിയും ബാധിച്ച് ചികിത്സ തേടുന്നത്. എച്ച് വണ്‍- എന്‍ വണ്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ചികിത്സയ്‌ക്കുള്ള മരുന്നായ ഫ്ളുവിയറിനാണ് ക്ഷാമം രൂക്ഷമായിരിക്കുന്നത്.
പല സ്വകാര്യ ആശുപത്രികളും തൃശൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മരുന്ന് കൊണ്ടുപോകാറുള്ളത്. മരുന്നിന് ക്ഷാമം രൂക്ഷമായതോടെ ഫ്ളുവിയറിന് പല വിലയാണ് ഈടാക്കുന്നത്. ഒരു പായ്‌ക്കറ്റിന് 450 രൂപ മുതല്‍ ആയിരത്തി നാന്നൂറും, രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയഞ്ച് രൂപ വരെ മരുന്നിന് വാങ്ങുന്നതായാണ് രോഗികളുടെ പരാതി.
എച്ച് വണ്‍ എന്‍ വണ്‍ മരുന്നു ക്ഷാമം പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇടപട്ടിരുന്നുവെങ്കിലും നടപടി ശാശ്വതമാകാതിരുന്നതിനാല്‍ മരുന്നിന്റെ ലഭ്യത അധികൃതര്‍ക്ക് ഉറപ്പാക്കാനായില്ല.
ഇതു മൂലം ഫ്ളുവിയര്‍ ലഭിക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്ന ആശുപത്രികള്‍ കയറി നടക്കേണ്ട അവസ്ഥയാണ്.
















