ബീജിങ്: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിനിടെ ഇന്ത്യയെ ഭീഷണിപ്പെടുത്തി ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്. വീണ്ടുമൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യയ്‌ക്ക് 1962ലേതിനേക്കാള്‍ നാശനഷ്ടമുണ്ടാകുമെന്ന് പത്രം എഡിറ്റോറിയലെഴുതി.
ഇന്ത്യ, ഭൂട്ടാന്‍, ടിബറ്റ് രാജ്യങ്ങളുടെ സംഗമഭൂമിയായ ദോക്‌ലാമില്‍ ഇന്ത്യ മനപൂര്‍വം പ്രകോപനമുണ്ടാക്കുന്നു. ഭൂട്ടാനെ ചൈനയ്‌ക്കെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു. 1962ലെ ഇന്ത്യയല്ല 2017ലേതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. അതു തന്നെയാണ് പറയാനുള്ളത്. 1962ലെ ചൈനയല്ല ഇപ്പോഴത്തേത്. യുദ്ധമുണ്ടായാല്‍ അന്നത്തേക്കാള്‍ നാശം ഇന്ത്യയ്‌ക്കുണ്ടാകും.
രണ്ട് ശത്രുരാജ്യങ്ങളും ഒരു അര്‍ധശത്രുവുമുള്ള രണ്ടര യുദ്ധത്തെക്കുറിച്ചാണ് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറയുന്നത്. പ്രകോപനപരമാണിത്. ചൈനയുടെ അതിര്‍ത്തി കൈയേറുകയാണ് ഇന്ത്യ. അവിടെ നിന്ന് പിന്മാറണം. ഈ നടപടി രാജ്യാന്തര തലത്തില്‍ ഇന്ത്യയെ മോശക്കാരാക്കും. ചൈനീസ് ജനതയും ഇന്ത്യയുടെ നടപടിയില്‍ പ്രകോപിതരാണ്, പത്രം പറയുന്നു.
വിവിധ ചൈനീസ് പ്രതിരോധ വിദഗ്ധരും ഗ്ലോബല്‍ ടൈംസിന്റെ നിലപാടിനു സമാനമായ അഭിപ്രായങ്ങളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയും പ്രകോപനത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്.
















