ഏതുരംഗത്തും ചിലര്‍ നമുക്കൊപ്പമാണെന്നും അവര്‍ നമ്മുടെ പകരക്കാരാണെന്നുമൊക്കെ തോന്നും. രാഷ്ട്രീയത്തിലും സാഹിത്യത്തിലും എന്നല്ല പലതിലും ഇത്തരം പകരംവെപ്പുകള്‍ കണ്ടെന്നു വരാം.
നമ്മുടെ പ്രതിബിംബം എന്നല്ല, നാം അടുത്തറിയുന്നതും അങ്ങനെയൊക്കെ ആയിത്തീരാന്‍ ആഗ്രഹിക്കുന്നതും അപൂര്‍വമായി നാം തന്നെ എന്നുപോലും തോന്നിപ്പോകുംവിധം പകര്‍പ്പാകുന്ന ചിലരും ചിലതും. ഇതു കൂടുതലും സാഹിത്യത്തിലാണ്. വായിച്ചുപോകുമ്പോള്‍ നാം നമ്മെത്തെന്നെ വായിച്ചു നീങ്ങുകയാണെന്നു തോന്നുംവിധമുള്ള അനുഭവം സൃഷ്ടിക്കുന്ന സാഹിത്യമുണ്ട്. വലിപ്പച്ചെറുപ്പമില്ലാത്ത അത് എല്ലാവരുടേയുമാകാം. കുട്ടികളുടേയും മുതിര്‍ന്നവരുടേതുമായ എല്ലാവരുടേയും. അങ്ങനെ നമ്മുടെ സാഹിത്യത്തില്‍ അധികമില്ല. എന്നാല്‍ അങ്ങനെ എല്ലാമായി ഒരാളുണ്ട്, വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ എന്നും പുതുമയുള്ള ജനകീയന്‍. ഇന്ന് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം.
മലയാളത്തേയും മലയാളിയേയും ഭാഷയും കഥകളുംകൊണ്ട് പ്രാദേശികമായി അടുപ്പിച്ച കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. എഴുത്തുകാര്‍ ചുറ്റുവട്ടങ്ങളെ വകഞ്ഞുമാറ്റി അപരിചിതമായ ലോക ജീവിതവും വിശേഷങ്ങളും പറഞ്ഞ് സ്വന്തം തട്ടകത്തില്‍നിന്നും ഭാവനയുടെ ആകാശംകേറുമ്പോള്‍ കൂടുതല്‍ പ്രാദേശികമായി അകത്തേക്കുചെന്ന് കാലാതിവര്‍ത്തിയായ ജീവിത വസ്തുതകളെ നേരില്‍പ്പിടിച്ചു എഴുതുകയായിരുന്നു ബഷീര്‍. സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്. പാത്തുമ്മയും ആടും നമുക്കടുത്തുകൂടി പോകുന്നതും പ്രേമലേഖനം നമ്മുടേതുകൂടി ആയിത്തീരുന്നതും ഈ നേരെഴുത്തുകൊണ്ടാണ്.
എഴുത്തുകാര്‍ക്കു പെട്ടെന്നു വഴങ്ങാത്തതാണ് ലാളിത്യം. പലരും ലളിതമായി എഴുതിവരുമ്പോള്‍ കടുകട്ടി സാഹിത്യമാകുകയാണു പതിവ്. വാക്കുകളെ സാഹിത്യത്തില്‍ മുക്കാതെ പലര്‍ക്കും എഴുത്തുവരില്ല. അത്തരം എഴുത്തുമുടക്കത്തിനിടയിലാണ് ലളിതമായ ഭാഷയില്‍ സാധാരണക്കാരന്റെ വാക്കുകൊണ്ട് അസാധാരണ രചനകള്‍ ബഷീര്‍ നിര്‍വഹിച്ചത്. ഈ എഴുത്തുകാരന് ഉപയോഗിച്ച സംസാര ഭാഷ വിവര്‍ത്തനം ചെയ്യുന്നത് അത്തരക്കാര്‍ക്ക് പേടിസ്വപ്നമായിരുന്നു. എന്നിട്ടും ലോക ഭാഷകളിലേക്ക് മലയാളത്തില്‍ നിന്നും അധികമായി വിവര്‍ത്തനം ചെയ്തത് ബഷീര്‍ രചനകളാണ്. എഴുത്തു വഴിയില്‍ ഹ്യൂമനിസ്റ്റായ ബഷീര്‍ സഹജീവികളോടു മാത്രമല്ല എല്ലാജീവികളോടും മമത പുലര്‍ത്തിക്കൊണ്ട് ഒരു ആഗോള മനുഷ്യഭാവന സാഹിത്യത്തില്‍ സൃഷ്ടിക്കുകയുണ്ടായി. പാമ്പും പഴുതാരയുംവരെ ഭൂമിയുടെ അവകാശികള്‍ ആണെന്നു അദ്ദേഹം പ്രഖ്യാപിച്ചു.
ചിരിയും കരച്ചിലും ആനന്ദവുമൊക്കെ എഴുതുമ്പോഴും ബഷീറിന്റേത് ചിരിക്കരച്ചിലുള്ളതായിരുന്നു എഴുത്തിലെ വികാരം. എനിക്കു മഴയത്തു നടക്കാനാണിഷ്ടം. അപ്പോള്‍ ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ എന്നു ചാര്‍ളി ചാപ്ളിന്‍ പറഞ്ഞപോലെയായിരുന്നു ആ ചിരി, വേദനയൂറുന്നത്. നിശബ്ദതകൊണ്ടുപോലും ബഷീര്‍ മിഴാവിന്റെ മുഴക്കം സൃഷ്ടിച്ചു. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന കാമുകീകാമുകന്മാരുടെ അന്തരാത്മാവില്‍നിന്നും ഉയര്‍ന്ന നെടുവീര്‍പ്പുകളും മൗനങ്ങളും ശബ്ദങ്ങളുമായിരുന്നു അത്. എഴുത്തുകാരന് വ്യക്തി എന്ന നിലയില്‍ അയാള്‍ അയാള്‍ക്കു സംഭവമാകാം. പക്ഷേ ബഷീര്‍ എല്ലാവര്ക്കും ഒരു പ്രസ്ഥാനമാണ്. ഇമ്മണി ബല്യ ഒന്നായ പ്രസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: