കോതമംഗലം: താലൂക്കില്‍ ജില്ലാകളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി ‘പരിഹാരം 2017’ ല്‍ 412 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി ലഭിച്ച 116 പരാതികളില്‍ 90 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ള 26 പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകളിലേക്ക് അയച്ചു. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 85 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.
296 പരാതികളാണ് ജനസമ്പര്‍ക്ക വേദിയായ കോതമംഗലം ചെറിയപള്ളി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഇന്നലെ തയ്യാറാക്കിയ ഏഴു കൗണ്ടറുകളില്‍ ലഭിച്ചത്. അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി.
നേരിട്ടു ലഭിച്ച 296 പരാതികളില്‍ 178 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട് 58 പരാതികളും പട്ടികജാതി വികസനവകുപ്പുമായി ബന്ധപ്പെട്ട് 13 അപേക്ഷകളും ലഭിച്ചു. ബാങ്കുകളുമായി ബന്ധപ്പെട്ട് 8, വനംവകുപ്പ് 12, പട്ടികവര്ഗവികസനവുമായി ബന്ധപ്പെട്ട് 16, മറ്റുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട് 11 പരാതികളും ലഭിച്ചു.
ഭൂമി സര്‍വേ സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് സര്‍വേ നടപടികള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ടു നല്കാന് വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പോക്കുവരവ് സംബന്ധിച്ച പരാതികളും പരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കും. ജനസമ്പര്‍ക്കവേദിയിലൊരുക്കിയ അക്ഷയയുടെ കൗണ്ടറില്‍ 24 പേര് ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനായെത്തി. 32 പേര് ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചു.
ജില്ലയിലെ 73 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കി. 6000ഓളം ഓണ്‍ലൈന്‍ പോക്കുവരവ് നടത്തിക്കഴിഞ്ഞു. ആഗസ്റ്റില്‍ ജില്ലയിലെ എല്ലാ വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവു സംവിധാനം നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
താലൂക്ക് തലത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കാനാവുമെന്ന് അദ്ധ്യക്ഷനായ എഡിഎം എംപി ജോസ് പറഞ്ഞു.
ആര്‍ഡിഒ എസ്. ഷാജഹാന്, ഡെപ്യൂട്ടി കളക്ടര്‍മാരായ സുരേഷ് കുമാര്‍, പി.എസ്. ചാള്‍സ്, എം.ഇ .ജമീല, കെ.കെ. സിദ്ധാര്ത്ഥന്, കോതമംഗലം തഹസീല്‍ദാര്‍ ആര്. രേണു, തഹസീല്‍ദാര്‍ (എല്‍ ആര്) കെ.വി. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: