കുട്ടനാട്: കുട്ടനാട് വെളിയനാട് വില്ലേജില്‍ തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തി പുരയിടം നിലമാക്കിയ സംഭവത്തില്‍ വെളിയനാട് വില്ലേജ് ഓഫീസറോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം. ആരോപണ വിധേയനായ വില്ലേജ് അസിസ്റ്റന്റ് വിജയകുമാറിനെ താലൂക്ക് ഓഫീസിലേക്ക് സ്ഥലം മാറ്റി.
എഡിഎമ്മിന്റെ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ റവന്യൂ മന്ത്രിക്ക് സമര്‍പ്പിക്കുന്നതോടെ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. വിജിലന്‍സ് ത്വരിതാന്വേഷണത്തിന്റെ ഭാഗമായി സ്ഥലമുടമയുടെ മൊഴിയെടുത്തു.
വെളിയനാട് വില്ലേജോഫീസില്‍ തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തി പുരയിടം നിലമാക്കിയ സംഭവം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.
എഡിഎം നേരിട്ടെത്തി വില്ലേജോഫീസിലെ രേഖകള്‍ പരിശോധിച്ചു.പ്രാഥമികമായി തന്നെ തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരായ വില്ലേജ് ഓഫീസര്‍ക്കെതിരെയും വില്ലേജ് അസിസ്റ്റന്റിനെതിരെയും പ്രാഥമിക നടപടിയെടുത്തത്.
പക്ഷേ ആരാണ് തിരുത്തിയതെന്ന് ശാസ്ത്രീയമായി കണ്ടുപിടിക്കണമെങ്കില്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം വേണ്ടിവരും. എഡിഎം പരാതിക്കാരനായ സ്ഥലമുടമ ജയചന്ദ്രനില്‍ നിന്ന് കളക്ട്രേറ്റില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. എഡിമ്മിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ റവന്യൂമന്ത്രിക്ക് കൈമാറുന്നതോടെ ആരോപണ വിധേയര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
അതിനിടെ വിജിലന്‍സിന്റെ ത്വരിതാന്വേഷണവും തുടങ്ങി. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തു. വെളിയനാട് വില്ലേജ് ഓഫീസറോട് അവധിയില്‍ പോയതോടെ നീലംപേരൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് വെളിയനാട് വില്ലേജിന്റെ അധികചുമതല.
















