മുഹമ്മ: വേമ്പനാട്ടുകായലിന്റെ സമീപത്തെ തരിശ് കിടന്ന പാടത്തുനിന്നും യന്ത്രം ഉപയോഗിച്ച് മണല്‍ കടത്തുന്നതായി പരാതി.
മാസങ്ങളായി തുടരുന്ന അനധികൃത മണല്‍കടത്ത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വര്‍ഡിലാണ് മണല്‍ കടത്ത് തകൃതിയായി നടക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡ്രൈ- ഡോക്ക്‌യാഡ് സ്ഥാപിക്കാനെന്ന പേരില്‍ സ്വകാര്യ വ്യക്തി ഈ ഭാഗത്ത് ഒരേക്കറിലേറെ ഭൂമി വാങ്ങിയിരുന്നു. ഇവിടെ നിന്നാണ് അധികൃതരുടെ അനുമതിയില്ലാതെ മണലെടുപ്പ് നിര്‍ബാധം നടക്കുന്നത്. ഇത് മൂലം സമീപത്തെ വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായതായി പരാതിയില്‍ പറയുന്നു.
കായലില്‍ മത്സ്യ ബന്ധനത്തിന് പോകുന്ന തോട് ഇവര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഡ്രൈ-ഡോക്ക്‌യാഡ് സ്ഥാപിക്കുമ്പോള്‍ പ്രദേശവാസികളായ നിരവധിപേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. പകരം മണലെടുപ്പ് മാത്രമാണ് നടക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നല്‍കിയ പരാതിയ്‌ക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം.
















