പന്തളം: പന്തളം-മാവേലിക്കര റോഡില്‍ കുറുന്തോട്ടയം കവല മുതല്‍ നഗരസഭാ കാര്യാലയം വരെ റോഡിനിരുവശവും നടപ്പാത പണിത് ടൈല്‍സ് പതിച്ചെങ്കിലും കൈവരികള്‍ സ്ഥാപിക്കാത്തത് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്നു.
ഇരുവശങ്ങളിലും ഓട പണിത് അതിനു മുകളില്‍ നടപ്പാത പണിയാനായി 25 ലക്ഷം രൂപ വീതം 50 ലക്ഷം രൂപയാണ് പൊതുമരാമത്തു വകുപ്പ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ റോഡിനോടു ചേര്‍ന്നു കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്ന ചിലരുടെ സ്ഥാപിത താല്പര്യാര്ത്ഥമാണ് കൈവരി സ്ഥാപിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്മാറിയതെന്നാണ് ആക്ഷേപം. ഇതോടെ കൈവരി നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്ന തുക പാഴായി പോവുകയാണ്.
നടപ്പാതയില്‍ ടൈല്‍സ് പതിച്ച് കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി കൈവരിയും സ്ഥാപിക്കുമെന്നാണ് പണി തുടങ്ങുന്നതിനു മുമ്പ് പിഡബ്ല്യുഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കൈവരി സ്ഥാപിക്കുന്നതോടെ റോഡില്‍ നിന്നും തങ്ങളുടെ സ്ഥാപനങ്ങളിലേക്കു നേരിട്ടുള്ള വഴി തടസ്സപ്പെടുമെന്നും അതിനാല്‍ കൈവരി ഒഴിവാക്കണമെന്നും ചിലര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഉദ്യോഗസ്ഥര്‍ അതിനു വഴങ്ങുകയായിരുന്നുവെന്നുമാണ് ലഭ്യമായ വിവരം.
നടപ്പാതയിലേക്കു കയറുവാന്‍ ഇടയ്ക്കിടെ വഴിയൊഴിച്ചിട്ടാവും കൈവരി സ്ഥാപിക്കുകയെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇരുവശങ്ങളിലും നടപ്പാത പണിത് 6 മാസത്തിലേറെ ആയെങ്കിലും ഇതുവരെയും കൈവരികള്‍ സ്ഥാപിച്ചിട്ടില്ല.
പന്തളത്ത് വികസനത്തിന് ചില വ്യാപാരികള്‍ തടസ്സം നില്ക്കുന്നതായ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. എംസി റോഡ് വികസനം വര്‍ഷങ്ങളോളം മുടങ്ങിയതും ഇത്തരത്തിലാണെന്നും പറയപ്പെടുന്നു. നഗരഹൃദയമായ കുറുന്തോട്ടയം കവലയുടെ വികസനം പൂര്ണ്ണമാക്കാനും കഴിഞ്ഞില്ല.
റോഡു നിര്‍മ്മാണത്തോടൊപ്പം നടക്കേണ്ടിയിരുന്ന കവലയിലെ ഇടുങ്ങിയ പാലത്തിന്റെ പുനര്‍നിര്‍മ്മാണം മുടങ്ങുകയും ചെയ്തു. പിന്നീട് ജനങ്ങള്‍ ഏറെനാള്‍ സമരം ചെയ്താണ് പാലത്തിന്റെ നിര്‍മ്മാണം സാദ്ധ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: