കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കുടിവെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടം. പകര്‍ച്ചപ്പനി രോഗികളെ ചികിത്സിക്കുന്ന ഗവ. ബീച്ചാശുപത്രിയിലെ 24-ാം വാര്‍ഡില്‍ കുളിമുറിയിലെ ടാപ്പിലാണ് എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയത്.
വിവരമറിയിഞ്ഞ് വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിച്ചു. എം.കെ.രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എഡിഎം ടി ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പരിശോധനയ്‌ക്കായി ടാങ്കില്‍ നിന്നും സാമ്പിള്‍ എടുത്തതിനു ശേഷം അതിലെ വെള്ളം മുഴുവന്‍ ഒഴിവാക്കിയെന്ന് ചര്‍ച്ചയ്‌ക്കുശേഷം എഡിഎം അറിയിച്ചു. ടാങ്കിലെയും പൈപ്പുകളിലെയും വെള്ളം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ടാങ്കിന് അടപ്പില്ലെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവമറിഞ്ഞ് യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. നടപടിയെടുക്കുമെന്ന് രേഖാമൂലം എഡിഎം ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി. ഹരീഷ് ബിജെപി നേതാക്കളായ ശ്യാംപ്രസാദ്, ടി. മണി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
















