ന്യൂദല്‍ഹി: ട്രെയിനില്‍ പുതിയ എക്കണോമി എസി കോച്ചുകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ 3എസി നിരക്കില്‍ നിന്നും കുറഞ്ഞ നിരക്കായിരിക്കും ഇതിന്. ഓട്ടോമാറ്റിക് ഡോര്‍ സംവിധാനവും ഇവയ്‌ക്കുണ്ടാകും.
പുതിയതായി കൊണ്ടുവന്ന ഹംസഫര്‍, തേജസ്, രാജധാനി, ശതാബ്ദി എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഈ എസി കോച്ചുകള്‍ നിലവില്‍ നല്‍കുക. റൂട്ടുകള്‍ പിന്നീട് തീരുമാനിക്കും. അതേസമയം മറ്റ് എസി കോച്ചുകള്‍ പോലെ തണുത്ത് വിറയ്‌ക്കുന്ന എസി കോച്ചുകള്‍ ആവില്ലത്. മറിച്ച് 24- 25 ഡിഗ്രിയില്‍ മാത്രമാവും ഇതിന്റെ താപനില ക്രമീകരിക്കുക.
യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര നല്‍കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുതിര്‍ന്ന റെയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് വിജയകരമാവുകയാണെങ്കില്‍ ഫുള്‍ എസി ട്രെയിനുകള്‍ ഉള്‍പ്പടെയുള്ളവ കൊണ്ടുവരുമെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
















