ന്യൂദല്‍ഹി: ഇരുപത്തിയഞ്ച് വര്‍ഷമായി ഇസ്രയേലുമായി നയതന്ത്ര സൗഹൃദമുണ്ട് ഇന്ത്യയ്‌ക്ക്. എന്നാല്‍, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതുവരെ ആ മണ്ണില്‍ കാലു കുത്തിയിട്ടില്ല. നരേന്ദ്ര മോദി അതും മാറ്റിമറിക്കുന്നു.
അടുത്ത മാസം നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ടെല്‍ അവീവിലെത്തും. മാര്‍പാപ്പയ്‌ക്കും യുഎസ് പ്രസിഡന്റിനും നല്‍കുന്ന സ്വീകരണമാണ് മോദിയെ അവിടെ കാത്തിരിക്കുന്നത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി മോദിയെ സ്വീകരിക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മോണ്‍ പറഞ്ഞു. ഇസ്രയേലുമായി തന്ത്രപ്രധാന മേഖലകളില്‍ കരാറിലെത്തുമെന്ന് വിദേശ മന്ത്രാലയവും വ്യക്തമാക്കി. മൂന്നു ദിവസമാണ് മോദി ഇസ്രയേലിലുണ്ടാകുക.
നൂതന സംരംഭകത്വം, വികസനം, ശാസ്ത്രം, സാങ്കേതികം, ബഹിരാകാശ മേഖലകളില്‍ ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിടും. ഗംഗ ശുചീകരണത്തിനും വ്യാവസായിക ഗവേഷണ-വികസനത്തിനുമായി ഇസ്രയേലും ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി കരാര്‍ ഒപ്പിടും. 258 കോടി രൂപയുടേതാണ് കരാര്‍.
ഹെയ്ഫയിലെ ഇന്ത്യന്‍ സെമിത്തേരി സന്ദര്‍ശിക്കുന്ന മോദി, ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
















