അത്തോളി: അത്തോളി കൊടശ്ശേരി പെരളിമലയില്‍ മിച്ചഭൂമിയായി റവന്യൂ വകുപ്പ് പ്രഖ്യാപിച്ച 50 ഏക്കര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി വേര്‍തിരിക്കാനാവാതെ അധികൃതര്‍.
ഈ ഭൂമിയുമായി ബന്ധമില്ലാത്ത സമീപവാസികളായ കൈവശക്കാരുടെ നികുതികൂടി സ്വീകരിക്കാത്ത അത്തോളി വിലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി അത്തോളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പെരളിമല എസ്റ്റേറ്റ് സന്ദര്‍ശിക്കുകയും ഇതിന്റെ ശാശ്വതപരിഹാരമായ സര്‍വ്വേയ്‌ക്കുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കുകയും ചെയ്തു. പട്ടികജാതിക്കാരായ പതിനേഴോളം കുടുംബങ്ങള്‍ ദുരിതത്തിലായ ഈ പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതില്‍പ്പെട്ട മിച്ചഭൂമി തിട്ടപ്പെടുത്താന്‍വേണ്ടി സര്‍വ്വേ നടത്താന്‍ റവന്യൂ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും ചില തല്പരകക്ഷികള്‍ അത് തടയുകയായിരുന്നു. മാത്രമല്ല ഭരണമാറ്റത്തിനുശേഷം അത്തോളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ സ്ഥലംമാറ്റിയത് പ്രശ്‌ന പരിഹാരത്തിന് തടസ്സമായി മാറി. ഇതുകാരണം പ്രദേശവാസികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ നഷ്ടമായി. ഇതുമനസ്സിലാക്കിയ ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റി പ്രദേശവാസികളെ ഒപ്പംനിര്‍ത്തി സര്‍വ്വേ നടത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിന് മറ്റ് രാഷ്‌ട്രീയപാര്‍ട്ടികള്‍ വിലങ്ങു തടിയായി നില്‍ക്കുകയാണുണ്ടായത്.
സ്ഥലത്തെത്തിയ കൊയിലാണ്ടി തഹസില്‍ദാര്‍ റംലയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജൂലൈ മൂന്നിന് സര്‍വ്വേ ആരംഭിക്കുമെന്ന് ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിക്ക് ഉറപ്പുനല്‍കിയതായി പ്രസിഡന്റ് സി. ലിജു അറിയിച്ചു. ബിജെപി ഭാരവാഹികളായ കെ.കെ. ഭരതന്‍, ആര്‍.എം. കുമാരന്‍, ടി.കെ. കൃഷ്ണന്‍, എം.കെ. രവീന്ദ്രന്‍, പ്രദീപന്‍ ചോയികുളം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















