വര്‍ക്കല: ഗ്രാമപ്പഞ്ചായത്തുകളുടെ സേവന തലത്തില്‍ ഏറെ കാര്യക്ഷമമായ ഇടപെടലിന് സാദ്ധ്യതയുള്ള സേവാഗ്രാം പദ്ധതി താഴെത്തട്ടിലെത്തിക്കാന്‍ ജനപ്രതിനിധികളുടെ താത്പര്യ കുറവ് മൂലം പ്രാവര്‍ത്തികമാകാതെ പോകുന്നു. വാര്‍ഡ് തലത്തില്‍ സേവാഗ്രാം തുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതോടെ ഉത്തരവിലൊതുങ്ങിയിരിക്കുകയാണ്. ഇതിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ മേല്‍നോട്ടം ഇല്ലായ്‌മയും പദ്ധതി പാളാന്‍ കാരണമായെന്നും ആരോപണമുണ്ട്.
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) വിഭാവനം ചെയ്ത പദ്ധതിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് 2014 ജൂണ്‍ 25ന് എം.എസ്.നമ്പര്‍ 112 /14 പ്രകാരം പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം വിപുലപെടുത്തുന്നതിന് സേവാ ഗ്രാം കേന്ദ്രം വാര്‍ഡ് തോറും സ്ഥാപിക്കാന്‍ ഉത്തരവിട്ടു. അന്ന് നിലവിലുണ്ടായിരുന്ന ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തീകരിക്കുംമുമ്പേ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി സേവാഗ്രാമത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖയും ഉത്തരവിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി.
സേഗ്രാമിന്റെ നടത്തിപ്പ് സംബന്ധിച്ചുളള പരിശീലനം കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിപ്രകാരം കേവലം 25 ശതമാനം സേവാഗ്രം കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുപോലും നിലവില്‍ വന്നത്. വര്‍ക്കല താലൂക്കിലെ ചിലഗ്രാമ പഞ്ചായത്തുകളിലാണ് സേവാഗ്രാം പ്രവര്‍ത്തനം നടക്കുന്നത്. ചിലയിടങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും പിന്നിട് ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. നഗരസഭകളില്‍ വാര്‍ഡ് കേന്ദ്രമെന്നും ഗ്രാമപഞ്ചായത്തുകളില്‍സേവാഗ്രം എന്നുമായിരുന്നു പേര് നിശ്ചയിച്ചിരുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, വിഇഒ, കൃഷി അസിസ്റ്റന്റ്, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍, എസിഎസ്ടി ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രേരക് എന്നിവരുടെ സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുവാനും തീരുമാനിച്ചിരുന്നു. പലയിടത്തും പദ്ധതി ഇപ്പോഴും പെരുവഴിയിലാണ്.
ഗ്രാമസേവനം എന്ന ഗാന്ധിജിയുടെ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ വാര്‍ധയില്‍ സ്ഥാപിച്ച ഗ്രാമവികസന പഠന പരിശീലന സേവന കേന്ദ്രമാണ് സേവാഗ്രാം. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനമാകുമായിരുന്ന പദ്ധതിയാണ് അധികൃതരുടെ ഉദാസീനത മൂലം പാഴായി പോകുന്നത്.
















