കോട്ടയം: ഈ വര്‍ഷം പടര്‍ന്ന് പിടിച്ച ഡെങ്കിക്ക് കാരണമായത് ടൈപ്പ് ഒന്ന് വൈറസാണെന്ന് തിരിച്ചറിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ടൈപ്പ് രണ്ട് വൈറസായിരുന്നു രോഗം പരത്തിയത്. ടൈപ്പ് ഒന്ന് വൈറസ് കൂടുതല്‍ അപകടകാരിയും തിരിച്ചറിയാന്‍ പ്രയാസമുള്ളതുമാണ്. ഡെങ്കിക്ക് കാരണമായി നാല് തരം വൈറസുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും അപകടകാരിയാണ് ടൈപ്പ് ഒന്ന് വൈറസ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് ഡെങ്കിക്ക് കാരണമായ വൈറസിനെ കണ്ടെത്തിയത്. കേരളത്തില്‍ ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്നത് ടൈപ്പ് ഒന്ന് വൈറസാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. ടൈപ്പ് ഒന്ന് വൈറസും ടൈപ്പ് രണ്ട് വൈറസും തമ്മില്‍ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഡെങ്കി ഫെമറോജിക് പനി, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിവയ്‌ക്ക് ടൈപ്പ് ഒന്ന് വൈറസ് ബാധിക്കുന്നവര്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. മരണസംഖ്യ കൂടാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നതും ടൈപ്പ് വണ്‍ വൈറസിന്റെ സാന്നിദ്ധ്യമാണ്.
ഡെങ്കി ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീടും പരിസരവും ശുചിയാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവയ്്ക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ വാതിലും ജനലും വലകളിട്ട് സുരക്ഷിതമാക്കുന്നുണ്ട്. എന്നാല്‍ ഓടകളും തോടുകളും ശുചിയാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഡെങ്കി നിയന്ത്രണവിധേയമാക്കാന്‍ സമയമെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
















