കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ ഗാഹില്‍ കാര്‍ ബോംബു സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയിലെ ന്യൂ കാബൂള്‍ ബാങ്കിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സൈനികരും സാധാരണക്കാരുമാണ്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാത്തുനിന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ബാങ്കിനു പുറത്ത് ഭീകരര്‍ തുടരെ വെടിവെച്ച് പരിഭ്രാന്തി പരത്തി. ആളുകള്‍ ചിതറിയോടി. തൊട്ടു പിന്നാലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടു.
സൈനികര്‍ക്കും പോലീസുകാര്‍ക്കും ശമ്പളം വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണം പതിവാണ് അഫ്ഗാനിസ്ഥാനില്‍. കഴിഞ്ഞ മാസം ഗാര്‍ഡെസ് നഗരത്തിലെ ബാങ്കിനു പുറത്തുണ്ടായ ബോംബു സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
പരാജയം ഉറപ്പായ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമമാണ് ഭീകരര്‍ നടത്തുന്നതെന്നാണ് ഹെല്‍മണ്ടിലെ ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയുടെ വക്താവ് വിശേഷിപ്പിച്ചത്. റംസാനോടനുബന്ധിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാത്തു നിന്ന സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണം ഭീരുത്വമാണെന്നും പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.
















