തിരുവല്ല:ഇടനാട്കോയിപ്രം കരകളെ തമ്മില്‍ ബന്ധിപ്പിച്ച് വഞ്ചിപ്പാട്ടില്ക്കടവില് നിര്‍മ്മിച്ചിരുന്ന അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ചപ്പാത്ത് ഇനി ഓര്‍മ്മ. നദീ പുനരുജ്ജീവനത്തിനായി നടക്കുന്ന വരട്ടെ ആര് ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് വഞ്ചിപ്പോട്ടില്ക്കടവിലെ ചപ്പാത്ത് പൊളിച്ച് മാറ്റിയത്.
തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസകിന്റെയും മാത്യു ടി തോമസിന്റെയും സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും എംഎല്‍എമാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ചപ്പാത്ത് പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകള്‍ ചപ്പാത്ത് പൊളിക്കുന്നത് കാണുന്നതിന് എത്തിയിരുന്നു.
നിലവില്‍ പുത്തന്‍കാവ് പാലം ചേലൂര്‍ക്കടവ് പാലം എന്നിവയെ ആശ്രയിച്ച് ഇടനാട്ടിലുള്ളവര്ക്കും ആറാട്ടുപുഴ പാലത്തെ ആശ്രയിച്ച് കോയിപ്രത്തുള്ളവര്ക്കും യാത്ര ചെയ്യാമെന്നിരിക്കെ ചപ്പാത്തിന്റെ ആവശ്യമില്ലെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. ആറാട്ടുപുഴയില്‍ നിന്ന് പമ്പാനദി രണ്ടായി തിരിയുന്നിടമായിരുന്നു വഞ്ചിപ്പാട്ടില്ക്കടവിന് കിഴക്ക് വശം. ഇവിടെ അശാസ്ത്രീയമായ തരത്തില്‍ നിര്‍മ്മിച്ച ചപ്പാത്ത് പമ്പയുടെ അന്നത്തെ യഥാര്‍ഥ വഴിയില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുകയും. കാലക്രമത്തില്‍ പുത്തന്‍കാവ് വഴിയുള്ള നദിയുടെ മാര്‍ഗ്ഗം ഇപ്പോഴത്തെ പമ്പയായി പരിണമിക്കുകയും ചെയ്തു. നദിയുടെ ആദ്യത്തെ നീരൊഴുക്കുള്ള ഭാഗം 170 മീറ്റര്‍ വരെ വീതിയുള്ളതായിരുന്നു. ഇത്രയും വീതിയില്‍ത്തന്നെ ഇവിടെ നദിയുടെ പുറമ്പോക്ക് ഇപ്പോഴുമുണ്ടെങ്കിലും പലതും കൈയ്യേറ്റക്കാരുടെ പിടിയിലാണ്.
നീരൊഴുക്ക് തടസ്സപ്പെട്ട ഭാഗം ആദി പമ്പയെന്നാണ് പിന്നീട് അറിയപ്പെട്ടത്. ആദി പമ്പയും പമ്പയും ചുറ്റി ഒഴുകുന്നിടം ഒരു ദ്വീപ് പോലെയാവുകയും ഇടനാട് എന്നറിയപ്പെടുകയും ചെയ്തു. ഗതാഗത മാര്‍ഗ്ഗം തീരെയില്ലാതിരുന്ന ഇടനാട്ടിലേക്ക് ഏത്താനുള്ള ആദ്യത്തെ ഗതാഗത മാര്‍ഗ്ഗം പുത്തന്‍കാവ് തൂക്ക് പാലമായിരുന്നു. എന്നാല്‍ ഇതിലൂടെ വാഹനങ്ങള്‍ കൊണ്ടുപോവുന്നത് സാധ്യമായിരുന്നില്ല. 1981 ല്‍ പുത്തന്‍കാവില്‍ പുതിയ പാലം നിര്‍മ്മിച്ചതോടെ തൂക്ക് പാലവും കോയിപ്രം ചപ്പാത്തും കാര്യമായ പ്രാധാന്യമില്ലാതായി. 2004 ല്‍ ചേലൂര്‍ക്കടവ് പാലം കൂടി നിര്‍മ്മിച്ചതോടെ കോയിപ്രം ചപ്പാത്ത് വഴി ഗതാഗതം തീരെയില്ലാതായി. ഇതുവഴിയുള്ള ശരാശരി ഗതാഗതം നാല് വാഹനങ്ങളായിരുന്നു. അതാവട്ടെ അധികവും ഇരു ചക്ര വാഹനങ്ങളും.കോയിപ്രത്തെ ചപ്പാത്ത് നിര്‍മ്മിച്ചതോടെ ആദിപമ്പയിലേക്കുള്ള ഒഴുക്ക് കുറയുകയും വരട്ടാറിലേക്ക് ആവശ്യത്തിന് വെള്ളമെത്താതിരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് സമാനമായ തീരിയില്‍ പുതുക്കുളങ്ങരയില്‍ റോഡിന് കുറുകെ റാംപ് കെട്ടിയടച്ചതോടെ വരട്ടാറിന്റെ മുഖത്ത് ചെളി അടിഞ്ഞ് പ്രധാനപ്പെട്ട രണ്ട് കയങ്ങളായിരുന്ന കഠാരിക്കുഴിയും ഇലവുംമൂട് കയവും അടഞ്ഞു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: