കൊടുങ്കാറ്റു കൂടുവെക്കുന്ന കഥകളെഴുതിയും കടലലര്‍ച്ച പോലുള്ള ചിന്തകളില്‍ അസ്വസ്ഥ സൗന്ദര്യം വാരിപ്പൂശിയും കടന്നുപോയ പട്ടത്തുവിള കരുണാകരനെ പക്ഷേ അത്രയ്ക്കൊന്നും വായനക്കാര്‍ ആഘോഷിച്ചിട്ടില്ല. കഥയില്‍ സ്വന്തം വഴി വെട്ടിത്തെളിച്ച കരുണാകരന് അപരിചിത വഴികളിലൂടെ നടക്കാന്‍ മടിയുള്ളതുകൊണ്ടാവണം വായനക്കാര്‍ കൂടുതലൊന്നും അറിയാതെ പോയത്. പട്ടത്തുവിളയുടെ പ്രശസ്ത കഥ നട്ടെല്ലികളുടെ ജീവിതം എന്നപേര് കരുണാകരന്റെ കഥകളുടെ പൊതുനാമമാക്കാം.
ലോകാനുഭവവും ആഴമുള്ള വായനയും പുതുമയുടെ വിത്തും നിറഞ്ഞ പട്ടത്തുവിളയുടെ കഥ കലുഷിത ചെറുപ്പത്തിന്റെ സ്വാതന്ത്ര്യവും ചെറുത്തു നില്‍പ്പും കലര്‍ന്നതിന്റെ കഠിന ചൂടും ചൂരുമുള്ളതായിരുന്നു. നാളത്തെ പുതിയ പ്രഭാതത്തിനായുള്ളവരുടെ പോരാട്ടം അക്കഥകളിലുണ്ടായിരുന്നു. കഥകളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ കനലും കനപ്പുമുണ്ടായ പട്ടത്തുവിളയുടെ കഥകളില്‍ മലയാള സാഹിത്യത്തിലെ വ്യത്യസ്തതയുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ കഴിയും. ഈ ഒറ്റപ്പെടലിലേക്കു പെട്ടെന്നു കയറിപ്പോകാന്‍ കഴിയാത്തതുകൊണ്ടാണ് വായനക്കാര്‍ പട്ടത്തുവിളയെ കൂടുതല്‍ അറിയാതെപോയത്. ഒരു ആഗോളാവസ്ഥ പട്ടത്തുവിളയുടെ കഥകളില്‍ വായിക്കാനാകും. ചില കഥകള്‍ വായിച്ചു തീരുമ്പോള്‍ ലോക സഞ്ചാരം നടത്തിയ അനുഭവമായിരിക്കും. ചെറിയ വിഷയത്തെപ്പോലും അന്തര്‍ദേശീയ തലത്തില്‍ നിരീക്ഷിച്ചെഴുതുകയായിരുന്നു അദ്ദേഹം.
വേഷത്തിലും ഭാവത്തിലുമുള്ള അര്‍ഥവത്തായ മൗനങ്ങളുടെ ഗാംഭീര്യം പട്ടത്തുവിളയുടെ വ്യക്തിത്വവും കഥകളുടെ ധ്വനനശേഷിയുമായിരുന്നു. ചെറു വാക്കുകള്‍ തമ്മിലുള്ള വിടവുകള്‍ക്കിടയില്‍പ്പോലും അവ വലിയ ശബ്ദത്തില്‍ സംസാരിച്ചു. പലകഥകളും സംഭാഷണ പ്രധാനമായിരുന്നു. പ്രമേയത്തിന്റെ ശക്തി പോലെ തന്നെ സംഭാഷണങ്ങള്‍ക്കു കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുണ്ടായിരുന്നു. ചില കഥകള്‍ മനസിലാക്കാന്‍ അവയുടെ പശ്ചാത്തലത്തെക്കുറിച്ചറിയുകയും അതിനായി വായന ആവശ്യപ്പെടുന്നതുമായിരുന്നു.
പട്ടത്തുവിളയുടെ കഥവായിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെന്ന പരാതിയും അന്നുണ്ടായിരുന്നു. പട്ടത്തുവിളയുടെ കഥവായിക്കാനും മനസിലാക്കാനും നല്ലോരു ശിക്ഷണം ആവശ്യമായിരുന്നു.
മുനി, വിമര്‍ശം, പട്ടത്തുവിളയുടെ കഥകള്‍, കഥകള്‍ പട്ടത്തുവിള, നട്ടെല്ലികളുടെ ജീവിതം, കണ്ണേ മടങ്ങുക, സത്യാന്വേഷണം തുടങ്ങിയവയാണ് കരുണാകരന്റെ കൃതികള്‍. മുനി സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കഥകളല്ലാതെ മറ്റൊന്നും അദ്ദേഹം എഴുതിയില്ല. തന്റെ തട്ടകം കഥമാത്രമാണെന്നു പട്ടത്തുവിള മനസിലാക്കിയിരിക്കണം.
1925ല്‍ കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിലായിരുന്നു കരുണാകരന്റെ ജന്മം.മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം എംബിഎയ്ക്കായി പട്ടത്തുവിള അമേരിക്കയ്ക്കുപോയി. മടങ്ങി വന്ന് പിയേഴ്സ് ലെസ്ലിയുടെ കോഴിക്കോട് ശാഖയില്‍ ജോലി ചെയ്തു. തുടര്‍ന്ന് പ്രസിദ്ധമായ കോഴിക്കോട് സാംസ്ക്കാരിക കൂട്ടായ്മയുടെ ഭാഗമായി ജീവിച്ചു. എംടി,തിക്കോടിയന്,ബഷീര്‍,അരവിന്ദന് തുടങ്ങിയ പ്രതിഭകളുമായുള്ള സമ്പര്‍ക്കത്തിലായിരുന്നു ശേഷ ജീവിതം. അരവിന്ദന് സംവിധാനം ചെയ്ത ഉത്തരായണത്തിന്റെ നിര്‍മ്മാതാവായിരുന്നു പട്ടത്തുവിള. ചിത്രം നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടി. 1987ല്‍ പട്ടത്തുവിള അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: