കാഞ്ഞങ്ങാട്: സത്യസന്ധമായ വ്യാപാര പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട്ടെ പ്രമുഖ സ്ഥാപനമായ ശ്രീറാം ട്രേഡേര്സി(പച്ചക്കറി സണ്‍സ്)ന് അംഗീകാരം. ഓള് കേരള ഇന്‍കം ടാക്സ് ആന്റ് സെയില്‍ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റിയാണ് ശ്രീറാം ട്രേഡേര്‍സിന് സത്യസന്ധമായ വ്യാപാര സേവനത്തിന് അംഗീകാരം നല്കി ആദരിച്ചത്. കാഞ്ഞങ്ങാട്ട് നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മന്ത്രി ഇ.ചന്ദ്രശേഖരന് ശ്രീറാം ട്രേഡേര്‍സ് ഉടമ ഗുരുദത്ത് പൈക്ക് അവാര്‍ഡ് സമ്മാനിച്ചു. എട്ടു പതിറ്റാണ്ടായി കാഞ്ഞങ്ങാട്ട് സ്തുത്യര്‍ഹമായ വ്യാപാര പ്രവര്‍ത്തനം നടത്തുന്ന ശ്രീറാം ട്രേഡേര്‍സ് 1935ലാണ് മലയോര മേഖലകളില്‍ നിന്നും കര്‍ഷകര്‍ കൊണ്ടുവരുന്ന പച്ചക്കറികള്‍ ന്യായമായ വിലക്ക് വാങ്ങി തുഛമായ ലാഭത്തില്‍ വില്‍പ്പന നടത്തി കച്ചവടം ആരംഭിച്ചത്. എച്ച്.നരസിംഹ പ്രഭുവാണ് ഒരു ചെറിയ ഷെഡ്ഡില്‍ പച്ചക്കറി വ്യാപാരം തുടങ്ങിയത്. പിന്നീട് 1957ല്‍ പലവ്യഞ്ജന മേഖലയിലേക്ക് തിരിഞ്ഞു. നരസിംഹ പൈ 1977ല്‍ നിര്യാതനായപ്പോള്‍ മക്കളായ പാണ്ഡുരംഗ പൈ, വിക്രമ പൈ, ഗുരുദത്ത് പൈ എന്നിവര്‍ സ്ഥാപനം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇപ്പോള്‍ മൂന്നാം തലമുറയില്‍പ്പെട്ട പ്രശാന്ത്പൈ, പ്രവീണ്പൈ, നരസിംഹപൈ എന്നിവരും സ്ഥാപനത്തിന്റെ മേല്നോട്ടത്തിലുണ്ട്. പുതിയ കോട്ടക്ക് പുറമെ കോട്ടപ്പാറയില്‍ വിപുലമായ ഗോഡൗണോടു കൂടി ശ്രീറാം ട്രേഡേര്‍സിന് ശാഖയുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗ്രോസറി സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഗോഡൗണാണ് കോട്ടപ്പാറയില്‍ ഉള്ളത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ തുഛമായ ലാഭത്തില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിയുന്നൂ എന്നതാണ് ശ്രീറാം ട്രേഡേര്‍സിന്റെ പ്രത്യേകത. ഇതു തന്നെയാണ് തങ്ങളുടെ ആത്മ സംതൃപ്തിയെന്നും ശ്രീറാം ട്രേഡേര്‍സിന്റെ ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: