തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ ഫയല്‍ നീക്കം നിലച്ച സാഹചര്യത്തില്‍ ഭരണം മെെല്ലപ്പോക്കാണെന്നുമുള്ള പരാതി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. വിവിധ വകുപ്പുകളിലെ ഫയലുകളുടെ സ്ഥിതി വ്യക്തമാകാന്‍ അതാതു മന്ത്രിമാരില്‍ നിന്നു ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്നു മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ഭരണത്തിന്റെ മെല്ലപ്പോക്ക് ചര്‍ച്ചയായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉടന്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന സിപിഎം – സിപിഐ അഭിപ്രായ ഭിന്നത മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു ജനതാദള്‍ നേതാവ് സി.കെ.നാണു പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടനല്‍കിയില്ല. ഉച്ചകഴിഞ്ഞില്ലേ, പാര്‍ട്ടി പ്രശ്‌നങ്ങളൊക്കെ അതാതു സെക്രട്ടറിമാര്‍ നോക്കട്ടെയെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇതോടെ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താമെന്നും മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ നിലപാടെടുത്തു. മുന്നണിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും ചില സാഹചര്യങ്ങളില്‍ അതു പരസ്യമായി പറയുന്നതു വലിയ കാര്യമാക്കേണ്ടെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് വൈക്കം വിശ്വന്റെ പ്രതികരണം.
കെഎസ്ആര്‍ടിസി പ്രതിസന്ധി വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. ഇത് എന്‍സിപി – സിപിഐ തര്‍ക്കത്തിനും ഇടയാക്കി. കെഎസ്ആര്‍ടിസി പ്രതിസന്ധി എന്‍സിപി മന്ത്രി എ.കെ. ശശീന്ദ്രന്റെ മാത്രം തലയില്‍ കെട്ടിവയ്‌ക്കുന്നതു ശരിയല്ലെന്നും മന്ത്രി വസതിയിലേക്ക് എഐടിയുസി മാര്‍ച്ച് നടത്തിയതു ശരിയായ കീഴ്‌വഴക്കമല്ലെന്നും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളി സംഘടനകളെ സമരം ചെയ്യുന്നതില്‍ നിന്നു തടയാന്‍ സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപടെല്‍ കാര്യക്ഷമമാക്കണെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
















