തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്‌ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടായിരത്തിലധികം ഗുണ്ടകള്‍ക്കെതിരെ കാപ്പ നിയമം ചുമത്തും. കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ റെയ്ഞ്ച് ഐജിമാര്‍, എസ്പിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ഗുണ്ടാവേട്ടയുടെ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ടാണ് ഗുണ്ടാവേട്ടയ്‌ക്ക് അനുമതി നല്‍കിയത്.
ജില്ല തിരിച്ച് ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി കൂടുതല്‍ കുഴപ്പക്കാരായവര്‍ക്കെതിരെ കാപ്പ ചുമത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടായിരത്തിലധികം പേരുടെ പട്ടിക ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് ഡിജിപി മുഹമ്മദ് യാസിന്റെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഇതുപ്രകാരം കാപ്പ ചുമത്താന്‍ യോഗ്യരായ ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് ആലപ്പുഴയിലാണ്. 336 പേര്‍. കണ്ണൂരില്‍ 305 പേര്‍, തിരുവനന്തപുരത്ത് 236 എന്നിങ്ങനെയാണ് പട്ടിക. എറണാകുളം സിറ്റിയില്‍ മാത്രം അതീവ അപകടകാരികളായ 85 ഗുണ്ടകള്‍ കാപ്പ ചുമത്തപ്പെടാനുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
















