കൊച്ചി: കോടതി ഉത്തരവു പ്രകാരമുള്ള പോലീസ് സംരക്ഷണം മനുഷ്യാവകാശ ലംഘനമായി ചിത്രീകരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് നിലപാടില്‍ പ്രതിഷേധം ശക്തം.പരിഷത്ത് ചില ഇസ്ലാമിക മതമൗലിക സംഘടനകള്‍ക്ക് അനുകൂലമായി നിലപാടെടുത്തുവെന്നാണ് മുഖ്യ വിമര്‍ശനം. സംഘടനയുടെ ലക്ഷ്യവും മാര്‍ഗ്ഗവും മറന്നുവെന്ന് സമിതിയ്‌ക്കുള്ളില്‍ നിന്ന് വിമര്‍ശനമുയരുന്നു.
വൈക്കം സ്വദേശി അഖിലയെ മഞ്ചേരി സത്യസരണിയില്‍ വെച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റാനും ഐഎസ് ഭീകര സംഘടനയില്‍ അംഗമാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നത് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഭീകര-മതമൗലിക സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് അഖിലയ്‌ക്കും കുടുംബത്തിനും ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് സുരക്ഷയുണ്ട്. ഈ സുരക്ഷ മനുഷ്യാവകാശ ലംഘനമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി ടി. കെ. മീരാഭായ് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയ്‌ക്ക് അപേക്ഷ നല്‍കുകയായിരുന്നു.
ഇടതുപക്ഷ ഭരണത്തില്‍ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളോട് പ്രതികരിക്കാത്ത പരിഷത്തിന്റെ രാഷ്‌ട്രീയവും പാപ്പരത്തവും പുറത്തുവന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കടുത്ത പരിഹാസങ്ങളാണ്. പരിഷത്ത് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം അഖിലയെ നേരില്‍ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്കല്ലാതെ ആര്‍ക്കും അഖിലയുമായി ഇടപെടാന്‍ അവസരം നല്‍കരുതെന്ന കോടതി നിര്‍ദ്ദേശം പാലിച്ച് പോലീസ് അനുമതി നിഷേധിച്ചു. കോടതിയുടെ അനുമതി നേടിയാലേ കൂടിക്കാഴ്ച അനുവദിക്കൂ എന്നായിരുന്നു പോലീസ് നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് വനിതാ കമ്മീഷന് കത്തെഴുതിയത്.
എന്നാല്‍, അഖിലയെ കാണാനും സംസാരിക്കാനുമുള്ള ദൗത്യം ആര്‍ക്കുവേണ്ടിയാണ് പരിഷത്തും ജനറല്‍ സെക്രട്ടറിയും ഏറ്റെടുത്തതെന്ന കാര്യത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. അതേസമയം, പെണ്‍കുട്ടിയെ അഖിലയെന്നും സംഭവത്തെ അഖില കേസെന്നും ഔദ്യോഗിക കത്തില്‍ പരിഷത്ത് പരാമര്‍ശിച്ചത് അഖില മതം മാറി ഹാദിയ ആയെന്ന് വാദിക്കുന്നവര്‍ക്ക് തിരിച്ചടിയുമായി.
















