ഉദുമ: കോടികള്‍ ചെലവിട്ട് കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാത വികസിപ്പിച്ചപ്പോള്‍ ഉദുമ ടൗണിനോട് കെഎസ്ടിപി അധികൃതര്‍ കാണിച്ച അവഗണക്കെതിരെ ഉദുമക്കാരുടെ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി സമരത്തിനൊരുങ്ങുന്നു.
കാസര്‍കോട് കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവെയില്‍ ഉദുമ ടൗണില്‍ കെഎസ്ടിപിക്ക് വേണ്ടി ആര്‍ഡിഎസ് എന്ന കമ്പനി നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും ഡിവൈഡര്‍ നിര്‍മ്മിക്കാത്തതിനാല്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലും അതിവേഗത്തിലുമാണ് സഞ്ചരിക്കുന്നത്.
അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബിറ്റുമിന്‍ മെക്കാഡം രീതിയില്‍ പാതയുടെ പുനര്‍ നിര്‍മാണം നടന്ന് ദിവസങ്ങള്‍ക്കകം ചെറുതും വലുതുമായി പതിനാലോളം അപകടങ്ങളാണ് സംഭവിച്ചത്. നാല് പേര് അപകടത്തില്‍ മരണപ്പെട്ടു. ജനത്തിരക്കേറിയ ടൗണില്‍ നിലവില്‍ പുനര്‍ നിര്‍മ്മിച്ച റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാല്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനോ പരിശോധിക്കുവാനോ ആവശ്യമായ സ്പീഡ് ക്യാമറയോ ബാരിക്കേ ഡോ നിര്‍മ്മിച്ചില്ല.
തൊട്ടടുത്ത് റെയില്‍വേ ട്രാക്കായതിനാല് നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ റെയില്‍വെ ട്രാക്കിലേക്ക് ഇടിച്ചു കയറാനുള്ള സാദ്ധ്യത കൂടുതലാണ്. നിലവില്‍ റെയില്‍വേ സൈഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പുവേലി വളരെ ദുര്‍ബലമാണ്. ദിനംപ്രതി നൂറു കണക്കിന് ചരക്കു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായതിനാല്‍ എതിര് ദിശയില്‍ നിന്നും ക്രമം തെറ്റി അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഏതു നിമിഷവും നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് ഇടിച്ചു കയറാം. ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ റോഡ് നിര്‍മ്മാണത്തില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി തന്നെ ഡിവൈഡര്‍ നിര്‍മിക്കാത്തത് അപാകതയയി ചൂണ്ടികാട്ടുന്നു.
ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍, വില്ലേജ് ഓഫീസ്, ഗവ.ആശുപത്രി, കൃഷിഭവന് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും ഉദുമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ഡിവൈഡുകള്‍ സ്ഥാപിക്കാനോ സിഗ്നലുകള്‍ സ്ഥാപിക്കാനോ സീബ്രാലൈന്‍ ഉണ്ടാക്കാനോ റോഡ് നിര്‍മ്മാണ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രദേശത്തെ ഓവുചാലുകളുടെയും അരികു റോഡുകളുടെയും പണിയും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അപകടങ്ങള്‍ കുറയ്ക്കാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന് മുന്നോടിയായാണ് അക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ കെ.ജീവന് ബാബുവിന് നിവേദനം നല്‍കിയത്. ചെയര്മാന് എ.വി.ഹരിഹരസുധന്, കണ്‍വീനര്‍ ഫറൂഖ് കാസ്മി, അംഗങ്ങളായ രാഘവന് ഉദുമ, അബ്ദുല്ലക്കുഞ്ഞി ഉദുമ, പി.വി.ഉമേശന്, യൂസഫ് റൊമാന്‍സ്, മുസ്തഫ കാപ്പില്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: