പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബീഹാര്‍ എക്‌സൈസ് മന്ത്രി അബ്ദുള്‍ ജലീല്‍ മസ്താന്‍ അവഹേളിച്ചതിനെതിരെ നിയമസഭയില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധം.
മോദിയുടെ ചിത്രത്തില്‍ ചെരിപ്പുകൊണ്ട് അടിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത് ഒരു ഹിന്ദി ന്യൂസ് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നോട്ട് നിരോധനത്തിനെതിരെയുള്ള സമരത്തിലാണ് കോണ്‍ഗ്രസുകാരനായ മന്ത്രി വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോയുമായാണ് ബിജെപി അംഗങ്ങള്‍ സഭയിലെത്തിയത്.
മന്ത്രിയെ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പുറത്താക്കിയില്ലെങ്കില്‍ ബജറ്റ് സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നും ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി. നിയമസഭയില്‍ അവര്‍ മുദ്രാവാക്യം മുഴക്കുകയും സഭ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ഉച്ചക്ക് 12 മണിവരെ സഭ നിര്‍ത്തിവെച്ചു.
മന്ത്രിയെ പുറത്താക്കണമെന്നും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. മസ്താന്റെ പുറത്താക്കലില്‍ കുറഞ്ഞ് ഒന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും ബിജെപി വ്യക്തമാക്കി. നിയമസഭക്ക് പുറത്തും വന്‍ പ്രതിഷേധമാണ് ബിജെപി ഉയര്‍ത്തിയത്.
















