ന്യൂദല്‍ഹി : ഇന്ത്യയില്‍ മാത്രം ദേശീയത തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി. ദല്‍ഹി സര്‍വ്വകലാശാലയിലെ ഗുര്‍മെഹര്‍ വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ജെയ്റ്റ്‌ലി ഇത്തരത്തില്‍ പ്രതികരിച്ചത്.
നിയമത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യത്തെ താന്‍ പിന്തുണയ്‌ക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞാഴ്‌ച്ച ദല്‍ഹി സര്‍വ്വകലാശാല രാംജാസ് കോളേജിലേത് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് നടത്തിയിട്ടുള്ള കലഹമാണെന്നും പരീഖര്‍ പറഞ്ഞു.
എന്നാല്‍ പ്രതിരോധമന്ത്രി ഉദ്ദേശിച്ച നിയമപരമായിട്ടുള്ള നിയന്ത്രണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ഇടത് നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. അതിനിടെ ഗുര്‍മെഹര്‍ സംഭവുമായി ബന്ധപ്പെട്ട് എബിവിപി ദല്‍ഹി സര്‍വ്വകലാശാല വടക്കന്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.
















