കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ്ണ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ക്ഷയരോഗ നിയന്ത്രണ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 851 ക്ഷയരോഗികളാണ് സര്‍ക്കാരാശുപത്രികളില്‍ ചികിത്സ തേടുന്നത്. പല സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലും ടി ബി രജിസ്റ്റര്‍ സൂക്ഷിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് പരിശോധന നടത്തും. ക്ഷയരോഗികള്‍ക്ക് പോഷകാഹാരവിതരണത്തിന് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന കൈത്താങ്ങ് ദേശീയ ശ്രദ്ധ നേടിയ പ്രൊജക്ടാണ്. ഈ മാതൃകയില്‍ ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ പ്രൊജക്ടുകള്‍ സമര്‍പ്പിക്കണം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വേഗത്തിലുളള രോഗനിര്‍ണ്ണയമാണ് ടിബി നിയന്ത്രണത്തിനുളള പ്രധാന മാര്‍ഗം. എല്ലാ ദിവസവും മരുന്ന് നല്‍കിയുളള ചികിത്സയിലൂടെ സമ്പൂര്‍ണ്ണ രോഗ വിമുക്തിയാണ് ലക്ഷ്യം. മാര്‍ച്ച് 24 ലോക ക്ഷയരോഗദിനം ജില്ലയില്‍ വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ടി ബി രോഗികള്‍ക്ക് എക്സറേ പരിശോധന സൗജന്യമായി നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ക്ഷയരോഗം നോട്ടിഫയബില്ഡിസീസായി പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഐവി ബാധിതരായ ക്ഷയരോഗികളെ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരേതര സന്നദ്ധ സംഘടനയായ പാന്‍ടെക് നടത്തിയ ജില്ലാതല സര്‍വ്വെയില്‍ 1162 സ്ത്രീലൈംഗിക തൊഴിലാളികളില്‍ 13 പേരില്‍ എച്ച് ഐ വി പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളില്‍ എച്ച്ഐ വി ബാധിതരേയും ക്ഷയരോഗികളെയും കണ്ടെത്തുന്നതിന് പരിശോധന അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.പി.ദിനേശ് കുമാര്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ. ടി.പി.ആമിന, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന് സ്വാതി വാമന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം.സി.വിമല്‍രാജ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.രാജാറാം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിതാ നന്ദന്, കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന് മാങ്ങാട്, മെഡിക്കല്‍ ഓഫീസര്‍മാര്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: