കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില കൂട്ടിയ ദേവസ്വം ബോര്‍ഡ് ഉത്തരവ് നടപ്പാക്കരുതെന്ന കൊട്ടാരക്കര മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ഇന്നലെ വൈകിട്ട് അഞ്ചുമുതല്‍ 35 രൂപ നിരക്കില്‍ ക്ഷേത്രത്തില്‍ ഉണ്ണിയപ്പ വിതരണം ആരംഭിച്ചു.
ബോര്‍ഡിന്റെ യോഗം കൂടി ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിന് സ്വീകരിച്ച മാനദണ്ഢങ്ങള്‍ എന്താണന്ന് സംബന്ഡിച്ച് ചൊവ്വാഴ്ചക്ക് മുന്‍പ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേരളാ ക്ഷേത്രസംരക്ഷണസമിതി കൊട്ടാരക്കര ശാഖ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
കോടതി സ്റ്റേ ഉത്തരവ് ലഭിച്ചതോടെ തന്നെ 35 രൂപ നിരക്കില്‍ ഉണ്ണിയപ്പം വിതരണം ചെയ്യാന്‍ ബോര്‍ഡ് ക്ഷേത്ര അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈകിട്ട് അഞ്ചുമുതല്‍തന്നെ വിതരണവും ആരംഭിച്ചു. 20 ദിവസമായി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനനിവേദ്യമായ ഉണ്ണിയപ്പത്തിന്റെ വിതരണം മുടങ്ങിയിട്ട്. ഇന്ന് മിഥുനമാസം ഒന്നാം തീയതി വളരെ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രസംരക്ഷണസമിതി നടത്തിയ സമരവും താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബുധനാഴ്ചക്ക് ശേഷം ഭാവിപരിപാടികള്‍ സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 26ന് വൈകിട്ട് മുതലാണ് 20 രൂപ ഉണ്ടായിരുന്ന ഒരു കവര്‍ ഉണ്ണിയപ്പത്തിന് 35 രൂപയാക്കി ബോര്‍ഡ് വില കൂട്ടിയത്. ഇതിനെതിരെ രണ്ട് ഭക്തന്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണിതെന്ന് ഇവര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ വാദം പരിഗണിച്ച് കേസില്‍ ഇരുകൂട്ടരുടേയും വാദം കേട്ട കോടതിയാണ് അന്തിമവിധി വരുന്നതുവരെ വിലവര്‍ദ്ധന പാടില്ലെന്ന് വീണ്ടും നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി അസാധുവാക്കിയത്. അസംസ്‌കൃത സാധനങ്ങളുടെ വില കൂടിയതുകൊണ്ട് വില വര്‍ദ്ധിപ്പിച്ചു എന്ന ബോര്‍ഡ് വാദം ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച 15 രൂപയില്‍ 10 രൂപയും ബോര്‍ഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും ഗുണനിലവാരം കൂട്ടാനല്ലെന്നുമാണ് വാദം. ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് ലിസ്റ്റില്‍ വരുന്നതല്ലെന്നും ദേവന്റെ നിവേദ്യമാണന്നും അതിനെ കച്ചവടവസ്തുവായി ബോര്‍ഡ് മാറ്റുകയാെണന്നും ഉണ്ണിയപ്പം വിതരണമാണ് നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ബോര്‍ഡിന്റെ തീരുമാനം ചൊവ്വാഴ്ചക്ക് മുന്‍പ് കോടതിയെ അറിയിക്കുന്നതോടെ ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















