ഈ ഭൂമിയില്‍ സെഞ്ച്വറി അടിക്കാന്‍ നാലുമാസമേ ബാക്കിയുള്ളൂ… നാലു നാമം ജപിച്ച് അടങ്ങിയിരിക്കേണ്ട പ്രായത്തിലാണ് ഈ പൂതി. ജീവിതത്തില്‍ ബാക്കി നില്‍ക്കുന്ന ഒരേ ഒരു ആഗ്രഹം…ഒരു ദിവസം പൊലീസ് ലോക്കപ്പില്‍ കിടക്കണം. ആറും അറുപതും ഒരു പോലെയാണ്.
ഒരു പ്രായം കഴിഞ്ഞാല്‍ ആഗ്രഹങ്ങള്‍ സാധിച്ചെടുക്കാന്‍ ശാഠ്യവും വാശിയുമാണ് ചിലര്‍ക്ക്. അല്ലെങ്കില്‍പ്പിന്നെ നെതര്‍ലന്‍ഡ്‌സിലെ 99 വയസ്സുകാരി ആനി എന്ന സ്്ത്രീക്ക് ഇങ്ങനെ തോന്നണോ? ജീവിതത്തിലെ അവസാനത്തെ ആഗ്രഹമാണത്രേ… ജയിലില്‍ കിടക്കണമെന്ന്, അതും 99ാം വയസ്സില്‍…
ഇത്രയും കാലത്തിനിടക്ക് മോഹിച്ചതൊക്കെ നേടാനുള്ള ആര്‍ജവം കാട്ടിയ സ്ത്രീയാണ് ആനി. നെതര്‍ലന്‍ഡ്‌സിന്റേയും ജര്‍മനിയുടേയും അതിര്‍ത്തി നഗരമായ നിജ്‌മെഗെനില്‍ വിശ്രമജീവിതം നയിക്കുമ്പോഴാണ് ജീവിതത്തില്‍ ഇന്നോളം താന്‍ ഒരു പോലീസ് കേസില്‍ പെട്ടിട്ടില്ലോ എന്നോര്‍ത്തത്. പത്രം വായിച്ചാലും ചാനല്‍ കണ്ടാലും ക്രൈം ന്യൂസുകളുടെ പ്രളയം. പോലീസ് അറസ്റ്റ് ചെയ്യുന്നു, വിലങ്ങു വയ്‌ക്കുന്നു, ജയിലില്‍ അടയ്‌ക്കുന്നു… ഇതൊക്കെ കണ്ടപ്പോഴാണ് ആനിക്കും ആഗ്രഹം കടുത്തത്.
തന്നേയും പൊലീസ് അറസ്റ്റ് ചെയ്യണം, കയ്യാമം വയ്‌ക്കണം, ലോക്കപ്പില്‍ കിടക്കണം… അതിന്റെ ഫീല്‍ എന്താണെന്ന് അറിയണം.അമ്മായിയുടെ ഈ അന്ത്യാഭിലാഷത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു മരുമകള്‍. അതിന് ഇത്രവേഗം ഫലമുണ്ടാകുമെന്നു കരുതിയതുമില്ല. കഴിഞ്ഞ ദിവസം നിജ്‌മെഗെന്‍ സിറ്റി പോസീസ് മേധാവി കാര്‍ജിലിന്‍ ബാല്‍മാന്‍ നേരിട്ട് ആനിയുടെ വീട്ടിലെത്തി.
ലോക്കപ്പില്‍ കിടക്കാനല്ലേ മോഹം, അതു സാധിച്ചു തന്നില്ലാന്നു വേണ്ട…കാറില്‍ കയറിക്കോ…
അങ്ങനെ വിറയ്‌ക്കുന്ന ചുവടുകളോടെ ആനി എന്ന 99കാരി, പൊലീസ് മേധാവിയുടെ കാറില്‍ കയറി. പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ത്തന്നെ വിലങ്ങു വച്ചു.
തന്റെ സ്വപ്നം സാധിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ ആനി വിതുമ്പിയെന്നാണ് മരുമകള്‍ പറയുന്നത്. ലോക്കപ്പിലടച്ചപ്പോഴാണ് അതിനേക്കാള്‍ തമാശ. നന്നേ മെലിഞ്ഞ ആ കൈകളില്‍ നിന്ന് വിലങ്ങ് ഊര്‍ന്നിറങ്ങിപ്പോന്നു. കൂട്ടച്ചിരിക്കിടയില്‍ ആ വൃദ്ധയുടെ മന്ദഹാസം തന്നെയാണ് തിളങ്ങി നിന്നത്. ഒരു രാത്രി ലോക്കപ്പില്‍ കിടന്ന ആനിയെ പൊലീസ് കാറില്‍ത്തന്നെ പിറ്റേന്നു വീട്ടിലെത്തിച്ചു.
നിജ്‌മെഗെന്‍ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെറു കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തതോടെ ആനിയുടെ മോഹസാക്ഷാത്കാരം ആഗോള ഹിറ്റ്…
















