ബെംഗളൂരു: കസ്റ്റമറിന്റെ ഇടതൂര്‍ന്ന കേശഭാരത്തില്‍ രമേഷ് ബാബുവിന്റെ കത്രിക താളത്തില്‍ ചലിക്കുമ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സ്‌ക്രോള്‍ ബാറില്‍ ആ വാര്‍ത്ത ചലിക്കുന്നു, ബെംഗളൂരു ബാര്‍ബര്‍ ജസ്റ്റ് ബോട്ട് മെഴ്‌സിഡസ് ബെന്‍സ് മെബാക് എസ് 600…
രമേഷ് ബാബു അപ്പോഴും തന്റെ ജോലി തുടര്‍ന്നു. കോടീശ്വരനായ ബെംഗളൂരു ബാര്‍ബര്‍ എന്ന് ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയ രമേഷ് ബാബുവിന്റെ ആഡംബര കാര്‍ ശേഖരത്തിലെ നവാതിഥിയാണ് മെഴ്‌സിഡസ് ബെന്‍സ് മെബാക് 600. മൂന്നു കോടി രണ്ടു ലക്ഷം രൂപയ്‌ക്കാണ്് രമേഷ് ബാബു പുത്തന്‍ ബെന്‍സ് സ്വന്തമാക്കിയത്. ബെംഗളൂരു നഗരത്തില്‍ ഈ മോഡലിനുടമയായ മൂന്നാമത്തെ ആളാണ് രമേഷ്. മറ്റു രണ്ടു പേരില്‍ ഒരാള്‍ സാക്ഷാല്‍ വിജയ് മല്ല്യ. 2015 സെപ്തംബറിലാണ് ബെന്‍സ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇവിടത്തെ മാര്‍ക്കറ്റ് വില 2.6 കോടി രൂപ. എന്നാല്‍, രമേഷ് ബാബു എസ് 600 സെഡാന്‍ ജര്‍മനിയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തു. അപ്പോള്‍ ചെലവ് 3.2 കോടി!
അടുത്തിടെ ബെംഗളൂരുവില്‍ എയ്‌റോ ഇന്ത്യ ഷോയ്‌ക്കെത്തിയ ജര്‍മന്‍ സംഘം എസ് 600 മെബാക്കില്‍ രാജകീയമായി എത്തിയപ്പോള്‍ സംശയം തോന്നിയതാണ്. ഈ കാര്‍ വിട്ടു കൊടുത്തത് ആരായിരിക്കും. വിജയ മല്ല്യ ബ്രിട്ടനിലാണ്, മറ്റൊരു കാറിന്റെ ഉടമയായ ബിസിനസ്മാന്‍ തന്റെ കാര്‍ നല്‍കാന്‍ സാധ്യതയില്ല. പിന്നീട് നഗരത്തിലെ ചില മാധ്യമപ്രവര്‍ത്തര്‍ നടത്തിയ അന്വേഷണത്തിലാണ് രമേഷ് ബാബു കാര്‍ ഇറക്കുമതി ചെയ്ത കാര്യം അറിയുന്നത്. ആഡംബര കാറുകള്‍ വാടകയ്‌ക്ക് നല്‍കി കോടീശ്വരനായ രമേഷ് ബാബുവില്‍ നിന്നാണ് ജര്‍മന്‍ സംഘത്തിന് ബെന്‍സ് കിട്ടിയത്.
1995ല്‍ ബെംഗളൂരുവില്‍ എത്തിയ കാലത്ത് ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ജീവിച്ചു തുടങ്ങിയ രമേഷ് ബാബു വന്ന വഴി മറന്നിട്ടില്ല. അത്യാവശ്യം പോഷ് സലൂണായി രൂപാന്തരം പ്രാപിച്ച ഷോപ്പില്‍ ഇന്നും എല്ലാ ദിവസവും അഞ്ചു മണിക്കൂര്‍ മുടിവെട്ടും. എഴുപത്തഞ്ചു രൂപയാണ് ഇപ്പോഴും കൂലി വാങ്ങുന്നത്. മുപ്പതു വര്‍ഷം മുന്‍പ് ഒരു മാരുതി കാര്‍ വാങ്ങി റെന്റ് എ കാര്‍ സംരംഭം തുടങ്ങിയ ഈ 45 വയസുകാരന്റെ കാര്‍ ശേഖരത്തിന്റെ ആഡംബരമറിഞ്ഞാല്‍ ഞെട്ടും. റോള്‍സ് റോയ്‌സ് ഒന്ന്, പതിനൊന്ന് മെഴ്‌സിഡസ്, പത്ത് ബിഎംഡബ്ല്യൂ, മൂന്ന് ഓഡി, രണ്ട് ജാഗ്വാര്‍… എല്ലാം കൂടി 150 കാറുകള്‍.
മുടിവെട്ടു കലയില്‍ കഴിവു തെളിയിച്ചപ്പോള്‍ കിട്ടിയ വലിയ സൗഹൃദങ്ങളാണ് രമേഷിന്റെ ജീവിതം മാറ്റിയത്. കാര്‍ റെന്റല്‍ ബിസിനസ് വിപുലമായപ്പോള്‍ മുന്തിയ ഇനം കാറുകളും സ്വന്തമാക്കി. രൊക്കം കാശും ബാങ്ക് ലോണുമൊക്കെ രമേഷിന്റെ വഴികളാണ്. ചില കാറുകള്‍ ഡ്രൈവു ചെയ്യുന്നതിന്റെ ത്രില്ലും രമേഷ് പങ്കു വയ്‌ക്കുന്നു. എന്റെ കഠിനാധ്വാനത്തിനൊപ്പം ദൈവം കൂട്ടു നിന്നു, ഈ നേട്ടങ്ങളെക്കുറിച്ചുള്ള രമേഷിന്റെ പ്രതികരണം ഇത്ര മാത്രം.
















