ജിദ്ദ: സൗദി വ്യവസായിയുടെ കാരുണ്യത്തില്‍, കൊലപാതക കുറ്റത്തിന് സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനായ തൊഴിലാളിക്ക് ജയില്‍ മോചനം. കൊല്ലപ്പെട്ടയാളുടെ കുടുബത്തിന് വ്യവസായിയായ അവദ് അലി ഖുരായ വന്‍ തുക നഷ്ടപരിഹാരമായി നല്‍കിയതിനെ തുടര്‍ന്നാണ് പത്തുവര്‍ഷമായി ജയിലില്‍ കഴിയുന്ന തെലങ്കാനയിലെ നിസാമബാദ് സ്വദേശിയായ ചെപുരി ലിംബാദ്രിക്ക് മോചനമായത്.
2006ലാണ് ലിംബാദ്രി അറസ്റ്റിലായത്. സൗദി സ്വദേശിയും ലിംബാദ്രിയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. അതിനുശേഷം ലിംബാദ്രി തള്ളിയതിനെ തുടര്‍ന്ന് ഇയാള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ലിംബാദ്രി അറസ്റ്റിലാവുകയും വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ സുപ്രീംകോടതിയില്‍ വിധിക്കെതിരെ ഇയാള്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കി കോടതിക്ക് പുറത്ത് പണം നല്‍കി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കാനില്ലാത്തതിനാല്‍ ലിംബാദ്രി ജയില്‍ ശിക്ഷയനുഭവിച്ചു വരുമ്പോഴാണ് ഖുരായ സഹായത്തിനെത്തിയത്. 1.3 ദശലക്ഷം സൗദി റിയാലാണ് ഈ മനുഷ്യസ്‌നേഹി മുന്‍ പരിചയം പോലുമില്ലാത്ത ലിംബാദ്രിക്ക് വേണ്ടി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ലിംബാദ്രി ജയില്‍ മോചിതനായി.
















