കൊച്ചി: ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കുള്ള പ്രതിവാര കണ്ടെയ്‌നര്‍ ട്രെയിന്‍ ഇന്ന് രാവിലെ കൊച്ചിയിലെത്തും. വെള്ളിയാഴ്ച വൈകിട്ട് വൈറ്റ് ഫീല്‍ഡിലെ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. കൊച്ചിയില്‍ നിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ വ്യാഴാഴ്ച യാത്രയാരംഭിച്ച് വെള്ളിയാഴ്ച അവിടെയെത്തും. കൊച്ചിയില്‍ ട്രെയിന്‍ മാര്‍ഗമെത്തുന്ന ചരക്കുകള്‍ 5 മുതല്‍ 7 ദിവസങ്ങള്‍ വരെ സമയലാഭത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ എത്തിക്കാനാകും.
ബെംഗളൂരു – കൊച്ചി റൂട്ടിലെ പുതിയ പ്രതിവാര സര്‍വ്വീസ്, ബിസിനസ്സുകാര്‍ക്കും കയറ്റുമതിക്കാര്‍ക്കും കുറഞ്ഞ സമയത്തിലും ചെലവിലും കര്‍ണ്ണാടകയില്‍ നിന്നും മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുവാന്‍ സഹായകമാകുമെന്ന് കോണ്‍കോര്‍ ഇന്ത്യയുടെ ഗ്രൂപ്പ് ജിഎം ഡോ. അനൂപ് ദയാനന്ദ് സാധു പറഞ്ഞു.
തന്ത്രപ്രധാന ഉള്‍നാടന്‍ മേഖലകളായ കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് റെയില്‍ മാര്‍ഗം കൂടുതല്‍ ചരക്കെത്തിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരുന്നതായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എ.വി. രാമണ്ണ അറിയിച്ചു. സുഗമമായ ബിസിനസ്സ് നടത്തിപ്പിന് സഹായകമായ സമയലാഭവും പണലാഭവും സാധ്യമാക്കുന്ന പുതുമയാര്‍ന്ന സേവനങ്ങള്‍ നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡിപി വേള്‍ഡ് കൊച്ചി സിഇഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു.
















