കണ്ണൂര്‍: കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവം ഒളിച്ച് വെക്കാനും കുറ്റം മറച്ച് വെക്കാനും ശ്രമിച്ച കേസില്‍ കന്യാസ്ത്രീകളുള്‍പ്പടെ എട്ടുപേര്‍ പ്രതികള്‍. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂടിയായ സിസ്റ്റര്‍ ടെസ്സി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ഹൈദരലി, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി എന്നിവരുടെ പേരിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. എല്ലാ പ്രതികള്‍ക്കെതിരെയും പോസ്‌കോ നിയമപ്രകാരം പേരാവൂര്‍ പോലീസാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരി ഫാ. റോബിന്‍ വടക്കുംചേരിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി മൂന്നാഴ്ച മുന്‍പാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കൃസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താതെ പ്രസവത്തിന് സൗകര്യമൊരുക്കിയതിനും കുട്ടിയെ രഹസ്യമായി ഓര്‍ഫനേജിന് കൈമാറാന്‍ കൂട്ടുനിന്നതിനുമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഗുരുതരമായ വീഴ്ചവരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ മാസം ഇരുപതിനാണ് കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. അതേ ദിവസം തന്നെയാണ് കുഞ്ഞിനെ അനാഥാലയത്തില്‍ താമസിപ്പിക്കാനുള്ള ഉത്തരവിറക്കിയതും. പീഡനത്തിനിരയായ പെണ്‍കുട്ടിയെകുറിച്ച് അന്വേഷിക്കാനോ കൗണ്‍സിലിങ്ങിന് വിധേയമാക്കാനോ ശശുക്ഷേമ സമിതി തയ്യാറായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സിഡബ്ല്യുസി ജുഡീഷ്യല്‍ കമ്മറ്റിയായതിനാല്‍ പോലീസിന് നടപടിയെടുക്കാനാവില്ല.
പ്രതികളെല്ലാം സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. തങ്കമ്മയുടെ വീട്ടില്‍ രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതി റോബിന്‍ വടക്കുംചേരി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്.
മറ്റു പ്രതികളെക്കൂടി പിടികൂടി തെളിവുകള്‍ പരമാവധി ശേഖരിച്ച ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തങ്കമ്മയാണ് പെണ്‍കുട്ടിയുടെ കൂടെ ആശുപത്രിയില്‍ പരിചരണത്തിനും സഹായിയുമായി ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ വികാരി പണം കൊടുത്തുവിട്ടത് തങ്കമ്മയുടെ കൈയിലാണെന്നും പറയുന്നു. വികാരിയുടെ വിശ്വസ്തയായ തങ്കമ്മയാണ് ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിരുന്നതെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പ്രതികളെ സഹായിക്കാന്‍ സഭയുടെ ഉന്നതരും ഇടത്, വലത് രാഷ്‌ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കളും ജന പ്രതിനിധികളും രഹസ്യ സഹായം ചെയ്തുകൊടുക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ കേസന്വേഷണത്തില്‍ ഇടപെടല്‍ ഉണ്ടായിരുന്നു. വൈദികന്‍ അറസ്റ്റിലായിട്ടും ആശുപത്രി അധികൃതരെയും ഡോക്ടറെയും പ്രതിചേര്‍ക്കാനുള്ള നടപടികള്‍ വൈകാനുള്ള കാരണവും ദുരൂഹതയും ചോദ്യം ചെയ്യപ്പെടുകയാണ്. പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പോസ്‌കോ എന്നാല്‍
കൊട്ടിയൂരെ പാതിരിയുടെ പീഡനത്തില്‍ പ്രതികള്‍ക്കെതിരേ പോസ്‌കോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്‌കോ ആക്ടിന്റെ പ്രത്യേകതകള്‍ ഇങ്ങനെ:
പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012) നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ചില വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ജാമ്യം കിട്ടില്ല. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്, അവര്‍ ലൈംഗിക ചൂഷണത്തിനു വിധേയരായാല്‍, ഈ നിയമ പ്രകാരം ഏറെ സംരക്ഷണം ലഭിക്കും.
മറ്റു കേസുകളിലെ പോലെ ചോദ്യം ചെയ്യലിലും വിചാരണയിലും പോലീസിന്റെയോ അഭിഭാഷകരുടെയോ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവില്ല. മിക്ക കേസിലും കുട്ടികളെ പ്രതികള്‍ക്കറിയാമായിരിക്കും. ജാമ്യം കിട്ടില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് സുരക്ഷയും ഉറപ്പാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു മാത്രമല്ല, കുട്ടികളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങള്‍ കാണുന്നതു പോലും പോസ്‌കോ നിയമത്തിന്റെ പരിധിയില്‍ വരും.
സഭ സംരക്ഷിക്കില്ല: ആലഞ്ചേരി
കൊച്ചി: പാതിരി കൊട്ടിയൂരിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ഗുരുതരമാണെന്നും കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാതിരി ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്നു.സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
















