കോഴിക്കോട്: കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. കേസിലെ പ്രതിയായ ഫാദര്‍ റോബിന് വൈദികനെന്ന പരിഗണന നല്‍കരുതെന്നും ആന്റണി കോഴിക്കോട് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ചെയ്തത് ഹീനമായ കുറ്റമാണ്. വൈദികന്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കൊണ്ട് മാത്രം അവസാനിപ്പിക്കേണ്ടേ കാര്യമല്ലിത്. ഇവര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണം. ഇത്തരക്കാര്‍ക്ക് മതത്തിന്റെയോ സ്ഥാനത്തിന്റെയോ പരിഗണന നല്‍കരുത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആന്റണി പറഞ്ഞു.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കൂവെന്നും ആന്റണി പറഞ്ഞു. സ്ത്രീപീഡന കേസുകളില്‍ കേസ് എടുത്തത് കൊണ്ടു മാത്രം കാര്യമില്ല. ശിക്ഷ ഉറപ്പാക്കുകയും വേണം. സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്ന കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
















