ലക്‌നൗ: ബലാത്സംഗ കേസില്‍ പ്രതിയായ മന്ത്രി ഗായത്രി പ്രജാപതി മന്ത്രിസഭയില്‍ തുടരുന്നതിനെക്കുറിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് വിശദീകരണം തേടി.
ബലാത്സംഗ കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും എഫഐആര്‍ സമര്‍പ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇയാള്‍ മന്ത്രിസഭയില്‍ തുടരുന്നതിന്റെ ധാര്‍മ്മികതയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചോദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഇയാള്‍ കീഴടങ്ങുവാന്‍ തയ്യാറിയിട്ടില്ലെന്ന് മാത്രമല്ല ഒളിവിലുമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മന്ത്രി വിദേശത്തേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുകയും വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
















