ന്യൂദല്‍ഹി : കോളെജ് അധ്യാപക നിയമനത്തില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള നിര്‍ദേശവുമായി യുജിസി രംഗത്ത്. ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കാനുള്ള നിര്‍ണായക നിര്‍ദേശം യുജിസി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ആറായിരത്തോളം സ്ഥിരം അധ്യാപക നിയനമത്തിനു വഴിയൊരുക്കുന്ന നിര്‍ദേശമാണിത്.
താല്‍ക്കാലിക അദ്ധ്യാപകര്‍ക്ക് പകരം സ്ഥിരം അദ്ധ്യപകരെ നിയമിക്കുന്നതിലൂടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെട്ടതാക്കുവാന്‍ കഴിയുമെന്ന് യുജിസി സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നു. സ്ഥിരം അദ്ധ്യാപകരെ നിയമിക്കുമ്പോള്‍ ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശമ്പളം നല്‍കുവാനും നിര്‍ദേശത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകള്‍ ഒഴിഞ്ഞ് കിടക്കരുത്. നെറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കണം.
യുജിസി പണ്ടില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലകളില്‍ 17,006 അധ്യാപക തസ്തികകളാണുളളത്. അതില്‍ 6080 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ദല്‍ഹി സര്‍വകലാശാലയിലെ 911 ഒഴിവുകള്‍ ഉള്‍പ്പെടെയാണിത്. കോളേജിന്റെ വലിപ്പം അനുസരിച്ച് ഗ്രേഡ് 1 , 2 പ്രിന്‍സിപ്പല്‍ തസ്തികകള്‍ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരെ നേരിട്ട് അസോസിയേറ്റ് പ്രൊഫസറുമാരായും പ്രൊഫസറുമാരായിട്ടും നിയമിക്കണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതികള്‍ പരിഹരിക്കുവാന്‍ പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെയും മറ്റും ഫണ്ടുകള്‍ കൈപ്പറ്റുന്ന കോളേജുകള്‍ക്ക് നാകിന്റെ ബി ഗ്രേഡ് അംഗീകാരമെങ്കിലും ഉണ്ടാകണമെന്നും വിഎസ് ചൗഹാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
















