കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ആര്‍ ടി സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് അടച്ചുപൂട്ടിയത് സ്വകാര്യ ബസുകളെ സഹായിക്കാനെന്ന് ആരോപണം. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചങ്ങനാശ്ശേരി മല്ലപ്പള്ളി ഡിപ്പോകളിലെ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സമയ ക്ലിപ്തത ഉറപ്പാക്കുമായിരുന്നു. ഓഫീസ് പൂട്ടിയതിനോടൊപ്പം കോട്ടയം കോഴഞ്ചേരി റൂട്ടിലെ പല സര്‍വീസുകളും നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന് ചില ജീവനക്കാരും സഹായിക്കുന്നതായി ആരോപണമുണ്ട്.
മിനിറ്റ് ഇടവിട്ടുള്ള ചെയിന്‍ സര്‍വ്വീസുകളാണ് കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ നടക്കുന്നത്. ചില പ്രധാന സ്റ്റോപ്പുകളില്‍ സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസിയെ കാത്തു കിടക്കും. കെഎസ്ആര്‍ടിസി വരുന്നതു കണ്ടാല്‍ സ്വകാര്യ ബസ് യാത്ര തുടങ്ങും. ഇതു യാത്ര അവസാനിക്കുന്നതുവരെ തുടരും. കെഎസ്ആര്‍ടിസി സ്വകാര്യ ബസിന്റെ പിന്നാലെയാണു പോകുന്നത്. നേരത്തെ കറുകച്ചാലില്‍ സ്റ്റേഷന്‍ മാസ്റ്ററെ നിയോഗിച്ചിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലാതെ വന്നാല്‍ സീനിയര്‍ കണ്ടക്ടര്‍ന്മാരെ സ്റ്റേഷന്‍ മാസ്റ്ററായി നിയോഗിച്ചിരുന്നു.
പിന്നീട് ഈ ജോലിക്ക് സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയില്‍ ഉള്ളവര്‍ മാത്രം മതിയെന്നും കണ്ടക്ടര്‍മാര്‍ വേണ്ടെന്നും തീരുമാനമായി. ഈ തീരുമാനമാണ് കറുകച്ചാലിലെ ഓഫീസ് പൂട്ടാന്‍ കാരണം. കറുകച്ചാലില്‍ സ്റ്റേഷന്‍ മാസ്റ്ററെ നിയോഗിച്ചാല്‍ ചങ്ങനാശേരി, മല്ലപ്പള്ളി, പൊന്‍കുന്നം, എരുമേലി എന്നീ ഡിപ്പോകളുടെ വരുമാനവും വര്‍ദ്ധിക്കും. എത്രയും വേഗം അടച്ചു പൂട്ടിയ ഓഫീസ് തുറക്കണമെന്ന ആവശ്യം ശക്തമാണ്.
















