സംഗ്ലി: പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ 19 പെണ് ഭ്രൂണങ്ങള്‍ കുഴിച്ചിട്ട
നിലയില്‍ കണ്ടെത്തി. ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.
ഭ്രൂണങ്ങളെല്ലാം നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ കുഴിച്ചിട്ടതായിരുന്നുവെന്ന് സംഗ്ലിയിലെ പോലീസ് മേധാവി ദത്താത്രേയ് ഷിന്‍ഡേ പറഞ്ഞു. ഫെബ്രുവരി 28ന് 26 വയസ്സുകാരിയായ ഗര്‍ഭിണി മരിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് പുതിയ സംഭവങ്ങളിലേയ്ക്ക് വെളിച്ചം വീശിയത്.
ഡോ. ബാബാസാഹേബ് ഖിദ്രാപുരെ എന്ന ഹോമിയോ ഡോക്ടറുടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഗര്‍ഭച്ഛിദ്രത്തിനിടെ ഗര്‍ഭിണി മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
മൂന്നാമത്തെ തവണയും പെണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്നറിഞ്ഞ ഭര്‍ത്താവ് പ്രവീണ്‍ ജാംഡാഡെയാണ് ഗര്‍ഭം അലസിപ്പിക്കാനായി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭിണിയുടെ പിതാവായ സുനില്‍ ജാധവിനോട് ഗര്‍ഭം അലസിപ്പിക്കുന്ന കാര്യം അറിയിച്ചു. പിതാവ് വിയോജിച്ചെങ്കിലും പ്രവീണ്‍ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പ്രവീണിനും ഡോക്ടര്‍ക്കും എതിരേ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
















