ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ന്ന കേസില്‍ വിചാരണ വൈകുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. വിചാരണ വേഗത്തിലാക്കണം. കോടതി വ്യക്തമാക്കി.
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരായ ഗൂഡാലോചനാക്കുറ്റം സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഒഴിവാക്കാനാവില്ലെന്നും ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് ആര്‍.എസ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഇവരുള്‍പ്പെട്ട ഗൂഢാലോചന കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2010ലാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കിയത്.
മാര്‍ച്ച് 22ന് കേസില്‍ കോടതി വാദം കേള്‍ക്കും. പ്രത്യേക കോടതിയാണ് ഇവര്‍ക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കിയത്. ഈ നടപടി അലഹബാദ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
വിനയ് കത്യാര്‍, വിഷ്ണുഹരി ഡാല്‍മിയ, സതീഷ് പ്രധാന്‍, സിആര്‍ ബന്‍സാല്‍, അശോക് സിംഘല്‍, ആചാര്യ ഗിരാരാജ് കിഷോര്‍, സാധ്വി ഋതംബര, മഹന്ത് അവൈദ്യനാഥ്, പരമഹംസ രാമചന്ദ്ര ദാസ്, നൃത്യഗോപാല്‍ ദാസ് തുടങ്ങിയവര്‍ അടക്കം നിരവധി പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.
















