ന്യൂദല്‍ഹി: ബാങ്കുകളിലെത്തുന്ന കള്ളനോട്ടുകള്‍ക്ക് പിടിവീഴുന്നു. ബാങ്കുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തെ വിവിധ ബാങ്കുകളിലായി ഇത്തരത്തില്‍ 3.53 ലക്ഷം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരം സംഭവങ്ങള്‍ സാമ്പത്തിക രഹസ്യാന്വേഷണ യൂണിറ്റിനെ അറിയിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2007-08ല്‍ റിപ്പോര്‍ട്ട് ചെയ്തത് 8,580 സംഭവങ്ങള്‍, 2008-09ല്‍ 35,730. 2014-15ല്‍ ഇത് 3,53,837 ആയി ഉയര്‍ന്നു. എത്രത്തോളം പണം കണ്ടെത്തിയെന്നത് സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.
2014-15ല്‍ സംശയകരമായ 58,646 സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് 4,471 കോടി രൂപയും 65 കോടിയുടെ സമ്പാദ്യവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 25 കോടി രൂപയുടെ സമ്പാദ്യവും പിടിച്ചെടുത്തു. കസ്റ്റംസ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് 21.59 കോടി രൂപയുടെ നികുതി ചുമത്തി. 2013-14ല്‍ 61,953 റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.
ബാങ്കിലെത്തുന്ന കള്ളനോട്ടുകള്‍ സംബന്ധിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കണമെന്ന് 2007ലാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ് ആവശ്യപ്പെട്ടത്. തുടക്കത്തില്‍ കാര്യമായ പ്രതികരണമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍തോതില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ 90 ശതമാനവും സ്വകാര്യ ബാങ്കുകളിലേതാണ്.
പൊതുമേഖലാ ബാങ്കുകള്‍ ഇക്കാര്യത്തില്‍ പിന്നിലാണ്. കള്ളനോട്ടുകള്‍ കണ്ടെത്താന്‍ സ്വകാര്യ ബാങ്കുകളില്‍ ശക്തമായ സംവിധാനമുണ്ട്. ഇത് പിന്തുടരണമെന്ന് പൊതുമേഖലാ ബാങ്കുകളുമായുള്ള യോഗത്തില്‍ കേന്ദ്ര ധനമന്ത്രാലയ അധികൃതര്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ കൂടുതലായി കള്ളനോട്ടുകള്‍ കണ്ടെത്തുന്നത് ശുഭസൂചനയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
















