ചാലക്കുടി: കേരളത്തിന്റെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷം. അശ്രുപൂജയുമായി ചാലക്കുടിയില്‍ ആരാധകവൃന്ദം. കലാഭവന്‍ മണിയുടെ ഒന്നാം ചരമവാര്‍ഷികമായ ഇന്നലെ പുലര്‍ച്ചെ മുതല്‍ മണിക്കൂടാരത്തിലെ സ്മൃതി മണ്ഡപത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തിയത്. പുഷ്പങ്ങളും മാലകളുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആരാധകരുടെ പ്രവാഹമായിരുന്നു.
രാവിലെ ഭാര്യ നിമ്മി, മകള്‍ ലക്ഷ്മി, ബി.ഡി.ദേവസി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പൂഞ്ഞക്കല്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചാലക്കുടിയില്‍ വിവധ കേന്ദ്രങ്ങളില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ മണിയുടെ ഛായാ ചിത്രങ്ങള്‍ വെച്ച് പുഷ്പാര്‍ച്ചന നടത്തി.
















