നെടുങ്കണ്ടം: ഒരിടവേളയ്‌ക്ക് ശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. കമ്പംമെട്ടില്‍ ഉപരോധവുമായെത്തിയ തമിഴ് കര്‍ഷക സംഘത്തിനെതിരെ പ്രതിഷേധം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും, കമ്പംമെട്ടില്‍ കണ്ടയ്‌നര്‍ സ്ഥാപിക്കുന്നത് തടയണമെന്നും പറഞ്ഞാണ് തമിഴ്‌നാട് കര്‍ഷകസംഘം ചെക്കുപോസ്റ്റ് ഉപരോധിക്കാനെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. ഉടന്‍ തന്നെ തമിഴ്‌നാട് വനംവകുപ്പ് അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റ് അടച്ചു.
ഉത്തമപാളയം ഡിവൈഎസ്പി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. നിരവധി വാഹനങ്ങളിലായാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനിടെ ജില്ലയില്‍ ഇന്നലെ നടന്ന യുഡിഎഫ് ഹര്‍ത്താലിന്റെ ഭാഗമായുള്ള ആളുകള്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളിയുമായി രംഗത്തെത്തി. ഇതോടെ നെടുങ്കണ്ടം സിഐ റെജിയുടെ നേതൃത്വത്തില്‍ കേരള വനംവകുപ്പ് ഓഫീസിനോട് ചേര്‍ന്ന് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചു. ഇരുവശത്ത് നിന്നുമുള്ള വാഹനങ്ങളും തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
ഇതിനുശേഷം കര്‍ഷകസംഘം യോഗം നടത്തിയശേഷമാണ് പിരിഞ്ഞുപോയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഇന്നലെ യുഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താലാചരിച്ചത്. ഇതിനിടെയാണ് തമിഴ്‌നാട് കര്‍ഷകസംഘം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധവുമായെത്തിയത്.
















