കൊല്‍ക്കത്ത: ദേശീയതയും ഭാരതീയ മൂല്യങ്ങളും വളര്‍ത്താന്‍ പശ്ചിമ ബംഗാള്‍ ആര്‍എസ്എസ് ഘടകം ഹൃസ്വ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.
ഹിന്ദുത്വത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ചലച്ചിത്രോത്സവമെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ പറഞ്ഞു. മീഡിയ വിഭാഗമായ വിശ്വ സംവാദ കേന്ദ്രമാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
സ്വാമി വിവേകാനന്ദന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ദക്ഷിണ ബംഗ പ്രാന്ത പ്രചാര്‍ പ്രമുഖ് ബിപ്‌ളവ് റോയി പറഞ്ഞു. ചലച്ചിത്രോത്സവത്തിന് ഇതുവരെ 50 എന്‍ട്രികള്‍ ലഭിച്ചതായും മാര്‍ച്ച് 31 വരെ എന്‍ട്രികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10 മിനിട്ടാണ് ഓരോ ചലച്ചിത്രത്തിന്റെയും സമയം. ജഡ്ജിമാരുടെ പാനല്‍ വിജയികളെ കണ്ടെത്തും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, അനിമേഷന്‍, ഡ്രാമ, ഡോക്യുഡ്രാമ എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. വിജയികള്‍ക്ക് പാരിതോഷികവും നല്‍കും. മുഖ്യധാര സിനിമകളില്‍ ഭാരതീയ മൂല്യങ്ങള്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പ്രകാരം ഡിജിറ്റലിലായിരിക്കും ഷൂട്ടിങ് എന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ പറഞ്ഞു.
















