ഡോംഗ്: സഹസ്രാബ്ദത്തിനു തൊട്ടുമുന്‍പു വരെ ലോകത്ത് അധികമാരും അറിയപ്പെടാതിരുന്ന ഡോംഗ് എന്ന അരുണാചല്‍ പ്രദേശിലെ കൊച്ചുഗ്രാമം. ലോഹിത്, സതി നദികളുടെ സംഗമഭൂമിയും ഇന്ത്യ, ചൈന, മ്യാന്മാര്‍ രാജ്യങ്ങളുടെ സംഗമസ്ഥലവുമായ ഈ ഗ്രാമമിന്ന് ലോക പ്രശസ്തമാണ്.
കൃഷിയും പന്നിവളര്‍ത്തലും കോഴിവളര്‍ത്തലുമായി കഷ്ടിച്ച് ഇരുപതു കുടുംബങ്ങള്‍ മാത്രം വസിച്ചിരുന്നതും അടുത്ത നഗരവുമായി ബന്ധപ്പെടാന്‍ റോഡില്ലാതിരുന്നതുമായ ഈ കുഗ്രാമത്തിന്റെ തലവര മാറിയത് 1999ല്‍. ഇന്ത്യയില്‍ പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ആദ്യമെത്തുന്നത് ഡോംഗിലാണെന്ന കണ്ടെത്തല്‍ ആ വര്‍ഷമാണുണ്ട ായത്.(നേരത്തെ ആന്‍ഡമാനിലെ കട്ച്ചല്‍ ദ്വീപിലാണ് സൂര്യന്റെ ആദ്യകിരണങ്ങള്‍ എത്തിയിരുന്നതെന്നായിരുന്നു വിശ്വാസം.)
അതിനുശേഷം ഡോംഗ് താഴ്‌വരയിലേക്ക് നിലയ്‌ക്കാത്ത ജനപ്രവാഹമാണ്. പ്രഭാത സൂര്യന്റെ ആദ്യ കിരണങ്ങള്‍ പിടിക്കാന്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് എട്ടു കിലോമീറ്റര്‍ മലകയറി നിരവധിപേരാണ് ഇവിടെയെത്തുന്നത.്
ഉത്തര-പൂര്‍വ സംസ്ഥാനമായ അരുണാചലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. അതുകൊണ്ട് ഇവിടം സന്ദര്‍ശിക്കാന്‍ താമസ സൗകര്യമുള്‍പ്പെടെയുളളവ നേരത്തെ തന്നെ ബുക്ക് ചെയ്യണം.
ഇന്ത്യയുടെ ഏറ്റവും കിഴക്കുഭാഗെത്ത ജനജീവിതമുളള ഗ്രാമമാണ് ഡോംഗ്. ആസാമിലെ ദിബ്രുഗഡില്‍ നിന്ന് റോഡുമാര്‍ഗമാണ് ഇവിടെയ്‌ക്കുളള യാത്ര തുടങ്ങുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് നാംസായിയിലെത്താം. ഇവിടെ നിന്ന് നേരത്തെ ഫെറി കടക്കണമായിരുന്നു. 2003 ല്‍ നാവോ ഡിഹിംഗ് പാലം വന്നതോടെ യാത്ര സുഗമമായി. ഇതോടെ വ്യാപാരവും ഉയര്‍ന്നു. പെട്ടെന്നാണ് വികസനം വന്നത്.
നാംസായി നഗരവാസികള്‍ തായ്‌ലന്‍ഡില്‍ നിന്നുളള ഖംപ്റ്റി വര്‍ഗത്തില്‍പ്പെട്ട ബുദ്ധിസ്റ്റുകളാണ്. വലിയൊരു ബുദ്ധപ്രതിമയും നഗരത്തിലുണ്ട്. ആരാധനയക്ക് ഇവിടെ സൗകര്യമുണ്ട്.
ലോഹിത് ജില്ലാ ആസ്ഥാനമായ ടീസൂവിലേക്കുളള യാത്രാമധ്യേ തീര്‍ഥാടന കേന്ദ്രമായ പരശുരാം കുണ്ടിലെത്താം. പരശുരാമന്‍ പാപങ്ങള്‍ കഴുകിക്കളഞ്ഞ സ്ഥലമാണിത്. കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ ഇവിടെ നിന്ന് ഡോംഗിലേക്കുളള യാത്രയില്‍ ഫെറി കടക്കണമായിരുന്നു. എന്നാല്‍ പാലം വന്നതോടെ യാത്ര എളുപ്പമായി.
എല്ലാ വര്‍ഷവും ജനുവരിയില്‍ ഇവിടെ വന്‍ മേള നടത്തും. മകര സംക്രാന്തി ദിനത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പരശുരാം കുണ്ട് സന്ദര്‍ശിച്ച് പാപങ്ങള്‍ കഴുകിക്കളയും.
ടീസുവില്‍ നിന്നു വാലോംഗിലേയ്‌ക്കുളള യാത്ര സാഹസികമാണ്. ചൈനയുടെ അതിര്‍ത്തിക്ക് സമീപത്തേക്കാണ് യാത്ര. വളരെ ഉയരത്തിലേക്ക് കയറിച്ചെല്ലുമ്പോള്‍ പച്ചപുതച്ച് വിളകള്‍ നിറഞ്ഞുനില്‍ക്കുന്ന ഡോംഗ് വാലി കാണാം.
















