മരട് വെടിക്കെട്ട്
കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
സന്ദര്‍ശകരില്‍ നിന്നും ജനവാസകേന്ദ്രങ്ങളില്‍ നിന്നും സുരക്ഷിത ദൂരം പാലിച്ച് വെടിക്കെട്ടു നടത്താന്‍ തയ്യാറാണെന്നു ഹര്‍ജിക്കാര്‍ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 126 വര്‍ഷമായി നടന്നുവരുന്ന വെടിക്കെട്ട് നിരോധിക്കുന്നത് ശരിയല്ല. സമ്പൂര്‍ണ നിരോധനമല്ല, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ടു നടത്താന്‍ അനുവദിക്കുകയാണ് വേണ്ടത്.
വെടിക്കെട്ടിന് അനുമതി തേടി വളരെ മുമ്പേ സമര്‍പ്പിച്ച അപേക്ഷയില്‍ ഉത്സവത്തോടടുത്ത തീയതിയിലാണ് അനുമതി നിഷേധിച്ച് കളക്ടര്‍ ഉത്തരവിട്ടത്. ഉത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ആചാരം എന്ന നിലയ്‌ക്ക് ശബരിമലയുള്‍പ്പടെ ക്ഷേത്രങ്ങളില്‍ കതിന ഉപയോഗിക്കുന്നുണ്ട്.
അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ടു നടത്താന്‍ തയ്യാറാണെന്നും സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ അനുവദിക്കണെമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വെടിക്കെട്ടു നടത്താന്‍ നല്‍കിയ അപേക്ഷ കളക്ടര്‍ നിരസിച്ചതിനെതിരെ വടക്കേ ചേരുവാരം പ്രസിഡന്റ് എം.ആര്‍ ജയകാന്ത ഭട്ട്, തെക്കേ ചേരുവാരം പ്രസിഡന്റ് സതീഷ് ബാബു തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
















